ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിനോട് അനുബന്ധമായി പണിതീര്‍ത്തിരിക്കുന്ന അതിമനോഹരമായ ഗ്രോട്ടോയില്‍, പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍ സെപ്‌റ്റംബര്‍ ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെയുള്ള ദിവസങ്ങളില്‍ സാഘോഷം കൊണ്ടാടപ്പെടുന്നു. പൗരസ്‌ത്യ സഭാ പാരമ്പര്യങ്ങളില്‍ എട്ടുനോയമ്പ് എന്ന പേരില്‍ പുരാതന കാലം മുതല്‍ ആഘോഷിച്ചുവരുന്ന മാതാവിന്റെ ജനന തിരുനാള്‍ ക്രൈസ്‌തവ വിശ്വാസ സംഹിതയുടെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ്. പരിശുദ്ധ അമ്മയെ പോലെ വിശ്വാസത്തിന്റെ മാതൃകയായിത്തീരാനും ദൈവകൃപയാല്‍ നിറയുവാനും ഈ തിരുനാള്‍ നമുക്ക് അവസരമൊരുക്കുന്നു. ഭക്തിസാന്ദ്രമായ വിശുദ്ധ ബലിയര്‍പ്പണം, ആത്മീയത നിറഞ്ഞ പ്രഭാഷണങ്ങള്‍, പ്രാര്‍ത്ഥനാനിര്‍ഭരമായ തിരിപ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ തിരുനാളിന്റെ പ്രത്യേകതകളാണ്. ഈ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ എല്ലാവരേയും വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍, പ്രസുദേന്തി തെനിയപ്ലാക്കല്‍ കുടുംബം, കൈക്കാരന്മാരായ ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട് എന്നിവര്‍ ക്ഷണിക്കുന്നു. സെപ്‌റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്‌ച രാവിലെ 8 മണി- വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്, കൊന്തപ്രദക്ഷിണം. സെപ്‌റ്റംബര്‍ രണ്ടാം തീയതി തിങ്കളാഴ്‌ച മുതല്‍ ആറാംതീയതി വെള്ളിയാഴ്‌ച വരെ വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, കൊന്ത പ്രദക്ഷിണം. സെപ്‌റ്റംബര്‍ ഏഴാം തീയതി ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് വിശുദ്ധ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, തിരിപ്രദക്ഷിണം, നേര്‍ച്ച, കരിമരുന്ന് കലാപ്രകടനം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. സെപ്‌റ്റംബര്‍ എട്ടാം തീയതി രാവിലെ 8 മണിക്ക് വി. കുര്‍ബാന, നൊവേന, കൊന്ത പ്രദക്ഷിണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 708 544 7250, 708 544 6419.
Comments