You are Here : Home / USA News

വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍ ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന എട്ടു നോമ്പു പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 30, 2013 10:39 hrs UTC

ന്യൂയോര്‍ക്ക്‌: പ്രസിദ്ധിയാര്‍ജ്ജിച്ച വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജന്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടുനോമ്പാചരണവും ഇടവകയുടെ വലിയ പെരുന്നാളും ആഗസ്റ്റ്‌ 31 ശനിയാഴ്‌ച മുതല്‍ സെപ്‌റ്റംബര്‍ 1 ശനി വരെ നീണ്ടുനില്‍ക്കുന്ന എട്ടു ദിവസങ്ങളിലായി അത്യാദരപൂര്‍വ്വം നടത്തപ്പെടുകയാണു. നോമ്പിനാലും പ്രാര്‍ത്ഥനയാലുമല്ലാതെ ജീവിതത്തെ ഉലയ്‌ക്കുന്ന തിരമാലകളും ദോഷങ്ങളും നീങ്ങിപ്പോകില്ലായെന്നു ഉറപ്പായി കരുതുന്ന വിശ്വാസികളുടെ ഒരു വലിയ സമൂഹം തന്നെ എല്ലാ വര്‍ഷവും ഭക്തിപൂര്‍വ്വം ഈ എട്ടു നോമ്പില്‍ പങ്കെടുക്കാറുണ്ട്‌. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടാന്‍ വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍ ഓടിയെത്താറുള്ളവരാരും നിരാശപ്പെടാറില്ലായെന്നത്‌ അനുഭവിച്ചറിഞ്ഞിട്ടുള്ളവര്‍ അനേകം. ആഗസ്റ്റ്‌ 31 ശനിയാഴ്‌ച വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റം സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും ഇടവക ചെയ്‌തു കഴിഞ്ഞു. എല്ലാ ദിവസവും സന്ധ്യാരാധനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ഗാനശുശ്രൂഷയും തിരുവചനഘോഷണവും ഉണ്ടായിരിക്കും. സെപ്‌റ്റംബര്‍ 1 നു അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, കാലം ചെയ്‌ത പുണ്യശ്ലോകനും വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ പള്ളിയുടെ വളര്‍ച്ച ഏറെ കാംക്ഷിച്ചിരുന്ന പിതാവുമായ അബൂന്‍ മോര്‍ ബസേലിയോസ്‌ പൗലൂസ്‌ ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ പതിനേഴാം ദു:ഖ്‌റോനോ സംബന്ധിച്ച പ്രത്യേക പ്രാര്‍ത്ഥനകളും, ആഘോഷപൂര്‍ണമായ റാസാ, ആദ്യഫലലേലം, സ്‌നേഹവിരുന്ന്‌ എന്നിവയും നടത്തപ്പെടും. എല്ലാ വിശ്വാസികളും നേര്‍ച്ചകാഴ്‌ചകളോടെ പ്രാര്‍ത്ഥനാപുരസ്സരം ഈ പെരുന്നാളിലേക്ക്‌ കടന്നുവന്ന്‌ അനുഗ്രഹം പ്രാപിക്കണമേയെന്ന്‌ ഇടവകക്കുവേണ്ടി, വികാരി റവ.ഫാ.വര്‍ഗ്ഗീസ്‌ പോള്‍ അറിയിക്കുന്നു. ഷെവലിയാര്‍ ബാബു ജേക്കബ്‌ നടയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.