You are Here : Home / USA News

കോറല്‍സ്‌പ്രിംഗ്‌ ദേവാലയത്തില്‍ മാതാവിന്റെ തിരുനാളും ഇടവക സ്ഥാപനത്തിന്റെ ദശവത്സരാഘോഷവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 30, 2013 10:40 hrs UTC

ഫ്‌ളോറിഡ: കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ സീറോ മലബാര്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാളും ഇടവക സ്ഥാപനത്തിന്റെ പത്താം വാര്‍ഷികവും വികാരി ഫാ. സഖറിയാസ്‌ തോട്ടുവേലിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ മുപ്പതാം വാര്‍ഷികവും സംയുക്തമായി വിവിധ പരിപാടികളോടെ സെപ്‌റ്റംബര്‍ 6 മുതല്‍ 9 വരെ തീയതികളില്‍ ആചരിക്കുന്നു. തിരുനാളിന്‌ ഒരുക്കമായുള്ള നൊവേന ഓഗസ്റ്റ്‌ 30-ന്‌ ആരംഭിക്കും. സെപ്‌റ്റംബര്‍ ഒന്നിന്‌ ഞായറാഴ്‌ച രാവിലെ 9.45-ന്‌ വികാരി ഫാ. സഖറിയാസ്‌ തോട്ടുവേലി തിരുനാള്‍ കൊടിയേറ്റ്‌ നിര്‍വഹിക്കും. തുടര്‍ന്ന്‌ വി. കുര്‍ബാന, നേര്‍ച്ച വിതരണം. സെപ്‌റ്റംബര്‍ 6-ന്‌ വെള്ളിയാഴ്‌ച ജപമാല ദിനമായി ആചരിക്കുന്നു. വൈകുന്നേരം 7-ന്‌ വി. കുര്‍ബാന, നൊവേന, മെഴുകുതിരി പ്രദക്ഷിണം തുടങ്ങിയ കര്‍മ്മങ്ങള്‍ നടക്കും. സെപ്‌റ്റംബര്‍ ഏഴിന്‌ ശനിയാഴ്‌ച ജൂബിലി ദിനമായി ആചരിക്കുന്നു. കോറല്‍സ്‌പ്രിംഗ്‌ ദേവാലയം ഇടവകയായി ഉയര്‍ത്തപ്പെട്ടതിന്റെ പത്താം വാര്‍ഷികവും വികാരി ഫാ. സഖറിയാസ്‌ തോട്ടുവേലിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ മുപ്പതാം വാര്‍ഷികവും സംയുക്തമായി ആചരിക്കുന്നു. വൈകുന്നേരം 5 മണിക്ക്‌ ആഘോഷമായ റാസ കുര്‍ബാന. പ്രധാന കാര്‍മികന്‍ ജൂബിലേറിയന്‍ ഫാ. സഖറിയാസ്‌ തോട്ടുവേലിയും, ആര്‍ച്ച്‌ ഡീക്കന്‍ ഫാ. ജോണിക്കുട്ടി പുലിശേരിയും ആയിരിക്കും. മയാമി ആര്‍ച്ച്‌ ബിഷപ്പ്‌ മോസ്റ്റ്‌ റവ തോമസ്‌ വെന്‍സ്‌കി ജൂബിലി സന്ദേശം നല്‍കും. വി. ബലിയെ തുടര്‍ന്ന്‌ ഹൃസ്വമായ ആശംസാ സമ്മേളനം നടക്കും. ജൂബിലി വിരുന്നോടെ പരിപാടികള്‍ സമാപിക്കും. പ്രധാന തിരുനാള്‍ ദിനമായ സെപ്‌റ്റംബര്‍ എട്ടിന്‌ ഞായറാഴ്‌ച വൈകുന്നേരം 5-ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാന. മുഖ്യകാര്‍മികന്‍ റവ.ഫാ. ജോണ്‍ മേലേപ്പുറം. തിരുനാള്‍ സന്ദേശം മോണ്‍സിഞ്ഞോര്‍ ജോര്‍ജ്‌ പുതുശേരില്‍. വി. ബലിയെ തുടര്‍ന്ന്‌ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. മുത്തുക്കുടകളും ഡ്രം ബ്രദേഴ്‌സിന്റെ ചെണ്ടമേളവും ഒക്കെ പ്രദക്ഷിണത്തിന്‌ കൊഴുപ്പേകും. സെപ്‌റ്റംബര്‍ ഒമ്പതിന്‌ വൈകിട്ട്‌ 7 മണിക്ക്‌ നടക്കുന്ന മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള വി. ബലിയോടെ തിരുനാള്‍ സമാപിക്കും. കൈക്കാരന്മാരായ ജയിംസ്‌ മാരൂര്‍, ബന്നി മാത്യു, ജോസ്‌ ചാഴൂര്‍, തോമസ്‌ പുല്ലാട്‌ എന്നിവരും പ്രസുദേന്തിമാരും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.