ഫിലാഡല്‍ഫിയ: ജനപങ്കാളിത്തം, പാരമ്പര്യം, പക്വത എന്നിവയാല്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഓണാഘോഷമെന്ന് എക്കാലവും എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുള്ള മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ഈവര്‍ഷത്തെ ഓണം വിപുലമായ പരിപാടികളോടെ സെപ്‌റ്റംബര്‍ 14-ന് ശനിയാഴ്‌ച ആഘോഷിക്കുന്നതാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നോര്‍ത്ത് ഈസ്റ്റിലുള്ള അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടികളില്‍ രാഷ്‌ട്രീയ-സാമൂഹ്യ-സാമുദായിക-സംഘടനാ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. പത്തൊമ്പത് വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയും തുടര്‍ന്ന് മാപ്പ് ആര്‍ട്‌സ് ക്ലബും, നൂപുര ഡാന്‍സ് അക്കാഡമിയും അവതരിപ്പിക്കുന്ന വര്‍ണ്ണശബളമായ കലാപരിപാടികളും അരങ്ങേറും. മുപ്പത്തിയഞ്ചില്‍പ്പരം വര്‍ഷങ്ങളിലെ പ്രവര്‍ത്തനപാരമ്പര്യമുള്ള സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ എന്ന കെട്ടിട സമുച്ചയം സ്വന്തമാക്കിയിട്ട് പതിനഞ്ച് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കി എന്ന പ്രത്യേകതയും ഈവര്‍ഷത്തെ ആഘോഷങ്ങള്‍ക്കുണ്ട്. കമ്യൂണിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ലൈബ്രറി, ജിംനേഷ്യം, റിക്രിയേഷന്‍ ക്ലബ്, മീറ്റിംഗ് ഹാള്‍ എന്നിവ ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹത്തിന് വളരെയധികം പ്രയോജനപ്പെടുന്നു. ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രസിഡന്റ് അലക്‌സ് അലക്‌സാണ്ടര്‍, സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്, ട്രഷറര്‍ റോയി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. ജോര്‍ജ് എം. മാത്യു, ബിനു ജോസഫ്, ഷാജി ജോസഫ്, ബിനു നായര്‍, തങ്കമ്മ ശാമുവേല്‍, സോയ നായര്‍, ജോണ്‍സണ്‍ മാത്യു, ജിനോ ജോസഫ്, ഏലിയാസ് പോള്‍, ഫിലിപ്പ് ജോണ്‍ മുതലായവര്‍ സബ് കമ്മിറ്റികളുടെ ചുമതല വഹിക്കും.
Comments