ന്യൂയോര്‍ക്ക്: ലോകരക്ഷകനായ ദൈവപുത്രനെ ലോകത്തിനു നല്‍കാന്‍ ദൈവം തെരഞ്ഞെടുത്ത പുണ്യവതി, ലോകരിലേവരേക്കാളും സ്വയം വിനയപ്പെട്ടതിനാല്‍ ഏവരിലും ഉയര്‍ത്തപ്പെട്ട ഭാഗ്യവതി, സര്‍വ്വ വിശുദ്ധരുടേയും മാലാഖമാരുടേയും രാജ്ഞി എന്നു തുടങ്ങി അനേക വിശിഷ്ടനാമങ്ങള്‍കൊണ്ട് വിശ്വാസികളാല്‍ വിശേഷിക്കപ്പെടുന്നവളും, നിത്യകന്യകയും, തങ്ങള്‍ക്കു വേണ്ടി പുത്രന്‍ തമ്പുരാന്റെ സന്നിധിയില്‍ മദ്ധ്യസ്ഥത യാചിക്കേണമേയെന്ന് കേണപേക്ഷിക്കുന്നവര്‍ക്ക് നിത്യാശ്രയവുമായ പരി.ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ആഘോഷിക്കുവാന്‍ നോമ്പുവ്രതത്തിലും പ്രാര്‍ത്ഥനയിലും എട്ടു ദിവസമായി ഒരുങ്ങുന്ന വിശ്വാസികളുടെ വലിയോരു നിര തന്നെയാണു വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ കാണപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച വിശുദ്ധ ബലിയോടെ ആരംഭിച്ച എട്ടു നോമ്പു പെരുന്നാളിന്റെ എല്ലാ ദിവസങ്ങളിലും മദ്ധ്യസ്ഥപ്രാര്‍ത്ഥനകളും സുവിശേഷഘോഷണവും തുടരുകയാണു. വേദനിക്കുന്നവര്‍ക്കുവേണ്ടി ത്രസിയ്‌ക്കുന്ന വി.അമ്മയോടുള്ള അഭയയാചനകളാല്‍ രോഗികള്‍ സൗഖ്യപ്പെടുന്നു, നിരാശ്രയര്‍ അശ്വാസം കണ്ടെത്തുന്നു, ആശയറ്റവര്‍ ദയാനിധിയുടെ മദ്ധ്യസ്ഥതയാല്‍ ലഭ്യമായ ആശാകിരണങ്ങളാല്‍ പ്രശോഭിതരായി പള്ളിയില്‍ തന്നെ ഭജനയിരിക്കുന്നു, സന്താനസൗഭാഗ്യം ലഭിക്കാത്തവര്‍ പ്രതീക്ഷ കൈവിടാതെ യാചനാമന്ത്രവുമായി ധ്യാനശുശ്രൂഷയില്‍ സംബന്ധിക്കുന്നു, അത്ഭുതങ്ങളും അടയാളങ്ങളും കണ്ട് ദൈവവിശ്വാസത്തില്‍ സ്ഥിരപ്പെടുന്നവര്‍ അനേകര്‍. യേശുവിന്റെ സൗഭാഗ്യവതിയായ അമ്മയെക്കണ്ട് കാര്യങ്ങള്‍ പറയുവാന്‍, ആവലാതികളും വേവലാധികളും സമര്‍പ്പിക്കുവാന്‍ ജനങ്ങള്‍ ലോകമെമ്പാടും വി.മാതാവിന്റെ നാമത്തിലുള്ള ദേവാലയങ്ങളിലേക്ക് ഓടിക്കൂടുന്ന ഈ നാളുകളില്‍ അമേരിക്കയിലെ മണര്‍കാടുപള്ളിയെന്നറിയപ്പെടുന്ന വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തിലും തിക്കും തെരക്കും ഒട്ടും കുറവല്ല. ഇനിയുള്ള ദിവസങ്ങളിലും ദിവ്യശുശ്രൂഷകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സമീപപ്രദേശങ്ങളിലുള്ള എല്ലാ വിശ്വാസികളേയും വൈറ്റ് പ്ലെയിന്‍സ് ഇടവക വിനയപൂര്‍വ്വം ക്ഷണിക്കുന്നു. എട്ടുനോമ്പിന്റെ പ്രധാന പെരുന്നാള്‍ ദിനമായ സെപ്‌റ്റമ്പര്‍ 7 ശനിയാഴ്‌ച ഭദ്രാസന മെത്രാപ്പോലീത്താ അഭി.യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, പെരുന്നാള്‍സദ്യ എന്നിവ നടത്തപ്പെടും കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: റവ.ഫാ.വര്‍ഗ്ഗീസ് പോള്‍(വികാരി)(845)5360378, പി.കെ.ജേക്കബ്(വൈസ് പ്രസിഡണ്ട്)(845)3653646, ജോജി കാവനാല്‍(സെക്രട്ടറി)(914)4095385, ബൈജു വര്‍ഗ്ഗീസ്(ജോയിന്റ് സെക്രട്ടറി)(914)3566324, ജോര്‍ജ്ജ് യോഹന്നാന്‍(ട്രസ്റ്റി)(845) 5890099. ഷെവലിയാര്‍ ബാബു ജേക്കബ് നടയില്‍ അറിയിച്ചതാണിത്.
Comments