ന്യൂജേഴ്‌സി : അമേരിക്കന്‍ മലയാള പത്രപ്രവര്‍ത്തന രംഗത്തെ 12 വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തന പരിചയവും,മലയാള സാഹിത്യ കുലപതികളായ ഡി.സി.ബുക്‌സിന്റെ പരിണത പ്രജ്ഞയും ചേര്‍ന്നപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഓണസമ്മാനമായി പുതിയൊരു വാര്‍ത്താ വാരിക.'മലയാളി സംഗമം' എന്ന പേരില്‍ ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിച്ചു വന്ന വാര്‍ത്താ വാരിക ഇനി 'എമര്‍ജിംഗ് കേരള' എന്ന പേരിലാണ് വായനക്കാരിലെത്തുക. 2001 -ലെ ഓണനാളുകളില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട 'മലയാളി ' എന്ന പേരില്‍ പ്രസിദ്ധീകരണം ആരംഭിച്ച വാര്‍ത്താവാരിക പിന്നീട് ' അമേരിക്കന്‍ മലയാളി ', എന്ന് മൊഴിമാറ്റം നടത്തി. തുടര്‍ന്ന് 'മലയാളി സംഗമം' എന്ന പേരില്‍ ഇത്ര നാളും വായനക്കാരില്‍ എത്തിയിരുന്ന വാര്‍ത്താ വാരികയാണ് കാലത്തിന്റെ കാലൊച്ച തിരിച്ചറിഞ്ഞ്, അച്ചടി മാധ്യമ രംഗത്തെ നൂതനങ്ങളായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഡി.സി.ബുക്‌സുമായി ചേര്‍ന്ന് 'എമര്‍ജിംഗ് കേരള 'യായി പരിണമിക്കുന്നത്. മാറിയ മുഖത്തോടുകൂടിയ പുതിയ പ്രസിദ്ധീകരണത്തിന്റെ പ്രകാശന കര്‍മ്മം ലൊഡായി ഫെലീഷ്യന്‍ കോളേജ് ആഡിറ്റോറിയത്തിന്‍ 'ഒരേ സ്വരം' സിംഫണി ഓര്‍ക്കസ്ട്രയുടെ വേദിയില്‍ വെച്ച് നടന്നു. അമേരിക്കന്‍ മലയാളികളുടെ പിന്നണി ഗായകന്‍ എം. ജി. ശ്രീകുമാര്‍ 'എമര്‍ജിംഗ് കേരള'യുടെ ആദ്യപ്രതി മലയാളത്തിന്റെ വാനമ്പാടി പത്മശ്രീ കെ.എസ്.ചിത്രയ്ക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. അമേരിക്കയിലെ മലയാള മാധ്യമ രംഗത്തെ പ്രതിനിധീകരിച്ച് ജോര്‍ജ് ജോസഫ്(ഇന്‍ഡ്യ എബ്രോഡ്, ഈ മലയാളി , മലയാളം പത്രം),സുനില്‍ ട്രൈസ്റ്റാര്‍(മലയാളം ഐ.പി.ടി.വി), സജി കീക്കാടന്‍(എമര്‍ജിംഗ് കേരള), രാജു പള്ളത്ത് (ഏഷ്യാനെറ്റ് യു.എസ്.എ),മധു രാജന്‍ കൊട്ടാരക്കര (അശ്വമേധം), സാബു സ്‌കറിയ(മലയാളം ഐ.പി.ടി.വി), ഷൈബു വര്‍ഗീസ് (ബോം ടി.വി), സജില്‍ ജോര്‍ജ് (എം.സി.എന്‍), ജോര്‍ജ് തുമ്പയില്‍ (മലയാളം പത്രം, എം.സി.എന്‍) എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഒരേ സ്വരം പ്രോഗ്രാം ഭാരവഹികളായ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാരഥികള്‍ ഡോ.ഷോണ്‍ ഡേവിസ് , പ്രകാശ് കരോട്ട്, റെജി ജോര്‍ജ് എന്നിവര്‍ക്കൊപ്പം അംഗീകാര മികവിന്റെ പ്രശംസാ ഫലകങ്ങള്‍ ഏറ്റുവാങ്ങിയ ദിലീപ് വര്‍ഗീസ് , ഡോ.ഗോപിനാഥന്‍ നായര്‍ , ആന്റണി തോമസ് എന്നിവരും ആശംസകള്‍ നേര്‍ന്നു കൊണ്ട് പ്രകാശന വേദി അലങ്കരിച്ചിരുന്നു. കെട്ടിലും മട്ടിലും മാത്രമല്ല, വാര്‍ത്താ ശേഖരണത്തിലും , അവതരണത്തിലും , നൂതന സാങ്കേതിക മികവോടെയായിരിക്കും 'എമര്‍ജിംഗ് കേരള' അമേരിക്കന്‍ മലയാളികളുടെ കയ്യിലെത്തുക എന്ന് ചീഫ് എഡിറ്റര്‍ റെജി ജോര്‍ജ് അറിയിച്ചു.
Comments