ആയിരത്തിതൊള്ളായിരത്തി എഴുപത്തേഴില്‍ നാസ വിക്ഷേപിച്ച മനുഷ്യനിര്‍മിത പേടകം- വോയേജര്‍1, സൗരയൂഥത്തിന്റെ അതിര്‍ത്തിയും കടന്ന് ആകാശഗംഗയുടെ അനന്തതയിലേക്ക് പ്രവേശിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിര്‍മിത പേടകമെന്ന ചരിത്രനേട്ടം വോയേജര്‍ 1ന് സ്വന്തമാവുകയാണ്. ന്യൂക്ലിയര്‍ ഇന്ധനം പ്ലൂട്ടോണിയം ഊര്‍ജമാക്കി ഭൂമിയില്‍ നിന്ന് മുപ്പത്തിയാറാണ്ട് മുമ്പ് വിക്ഷേപിച്ച പേടകം സൂര്യന്റെ സ്വാധീനവലയം വിട്ട്, നക്ഷത്രാന്തര ലോകത്തേക്ക് കടന്നത് മാനവരാശിക്ക് അഭിമാനിക്കാവുന്ന ചരിത്രനേട്ടമായി. ഇതിനു മുമ്പ് മനുഷ്യനിര്‍മിത പേടകങ്ങളൊന്നും തന്നെ സൗരയൂഥം കടന്ന ചരിത്രമില്ല. ``ഒടുവില്‍ ഞങ്ങള്‍ അത് സാധ്യമാക്കിയിരിക്കുന്നു.'' വോയേജര്‍ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്ന ശാസ്‌ത്രജ്ഞന്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള എഡ്‌വേഡ് സ്റ്റോണ്‍ പറഞ്ഞു.
ഒരു വര്‍ഷത്തോളമായി വോയേജര്‍ 1,സൗരയൂഥം കടന്നതായി ശാസ്‌ത്രലോകത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് ഇക്കാര്യം നാസ സ്ഥിരീകരിച്ചത്. സൗരയൂഥത്തിലെ ഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ വിക്ഷേപിച്ച ഇരട്ടപേടകങ്ങളിലൊന്നായ വോയേജര്‍ ഒന്ന്, യാത്രയുടെ 36-ാം വര്‍ഷത്തിലാണ് വിജയമെഴുതി ചരിത്രത്താളുകളിലിടം പിടിക്കുന്നത്. വോയേജര്‍ രണ്ട്, യാത്രാപഥത്തില്‍ ആദ്യപേടകത്തിന് പിന്നിലാണ്. ഒരു ചെറിയ കാറിന്റെ വലിപ്പമുള്ള വോയേജര്‍ 1 ഒരു ദിവസം 16 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ യാത്ര തുടര്‍ന്നാല്‍ തന്നെ പേടകം, ഏറ്റവുമടുത്ത നക്ഷത്രമായ ആല്‍ഫ സെന്‍ചുറിയിലെത്താന്‍ 40000 വര്‍ഷങ്ങളെടുക്കുമെന്നാണ് കണക്ക്. വോയേജറില്‍ നിന്നുള്ളൊരു സിഗ്നല്‍ ഭൂമിയിലെത്താന്‍ 17 മണിക്കൂറുകളെടുക്കും. ഇതുവരെ, കണ്ടോ കേട്ടോ അറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ ലോകത്തേക്കാണ് വോയേജര്‍ 1നൊപ്പം ശാസ്‌ത്രലോകവും ചുവടു വയ്‌ക്കുന്നത്. 2012 ഓഗസ്റ്റിലായിരുന്നിരിക്കണം പേടകം സൗരയൂഥം കടന്നതെന്നാണ് ഗവേഷകരുടെ നിഗമനം. സൗരവാതങ്ങളുടെ തിളച്ചുമറിയുന്ന അന്തരീക്ഷം വിട്ട് നക്ഷത്രാന്തര ലോകത്തെ തണുത്ത മേഖലയിലൂടെ വോയേജര്‍ സഞ്ചരിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചതോടെയാണ് ശാസ്‌ത്രലോകം പേടകത്തിന്റെ പരിസരമാറ്റത്തെകുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. 2025വരെ യാത്ര തുടരുന്നതിനുള്ള പ്ലൂട്ടോണിയം പേടകത്തില്‍ സജ്ജമാണ്. ഇത് തീരുന്നതോടെ പേടകത്തിലെ ഉപകരണങ്ങള്‍ പലതും നിര്‍ത്തേണ്ടിവരുമെന്ന് ശാസ്‌ത്രജ്ഞര്‍ പറഞ്ഞു. അവസാനഘട്ടത്തില്‍, വെറും ലോഹപേടകങ്ങളായി പേടകം നക്ഷത്രാന്തര ലോകത്തുകൂടി യാത്ര തുടരും. മുമ്പ് സൗരയൂഥത്തിലെ വ്യാഴം, ശനി ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെ വോയേജര്‍ 1 സന്ദര്‍ശിച്ച് അവയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയിരുന്നു. യാത്രാപഥത്തില്‍, സൗരയൂഥത്തിന് പുറത്ത് എവിടെയെങ്കിലും ജീവന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ അവര്‍ക്ക് നല്‍കാനായി ഭൂമിയില്‍ നിന്നുള്ള നിരവധി അഭിവാദ്യസന്ദേശങ്ങളും മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും സംഗീതവും ആശംസകളുമൊക്കെ പേടകത്തില്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. ഭൂമിയുടെ അതിരുകള്‍വിട്ട് ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും നീണ്ട മനുഷ്യന്റെ അന്വേഷണമാണിപ്പോള്‍ ആകാശഗംഗയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
Comments