ദോഹ: ഈജിപ്തില്‍ ഇപ്പോള്‍ നടക്കുന്നത് ഇസ്ലാമിനെതിരെയുള്ള യുദ്ധമാണെന്ന് രാജ്യാന്തര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫ് അല്‍ ഖറദാവി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിനെതിരെ കടുത്ത യുദ്ധമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അഹ്‌സാബ് യുദ്ധത്തില്‍ മുഴുവന്‍ ശക്തികളും ഇസ്ലാമിനെതിരെ ഒന്നിച്ച അതേ സാഹചര്യത്തിലൂടെയാണ് ഇന്ന് മുസ്ലിംലോകം കടന്നുപോകുന്നത്. സൃഷ്ടാവായ അല്ലാഹുവിന് മാത്രമേ ഇതിനെ പ്രതിരോധിക്കാന്‍ കഴിയൂ എന്നും ഖറദാവി പറഞ്ഞു. മദീന കലീഫയിലെ ഉമര്‍ ബിന്‍ കതാബ് പള്ളിയില്‍ ജുമുഅ ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കളും മുസ്ലിം നാമധാരികളും ഒരുപോലെ മുസ്ലിം സമൂഹത്തെ നാനാഭാഗത്ത് നിന്നും ആക്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന് പ്രവാചകന്റെ കാലവുമായി നല്ല സാമ്യമുണ്ട്. ജൂണ്‍ 30 മുതല്‍ ഈജിപ്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് യഥാര്‍ത്ഥ ഖുര്‍ആന്‍, യഥാര്‍ഥ പ്രവാചകചര്യ, യഥാര്‍ത്ഥ ഇസ്ലാം എന്നിവക്കെതിരെയുള്ള കടുത്ത പോരാട്ടമാണ്. നീണ്ട സ്വോഛാധിപത്യത്തിന് കഴില്‍ ഞെരിഞ്ഞമാര്‍ന്ന ഈജിപ്ത് ജനത സ്വതന്ത്രമായിട്ട് രണ്ടു വര്‍ഷമായിട്ടേയുള്ളൂ. ആ ഈജിപ്ത് ഇന്ന് ഇസ്ലാമിനെതിരെ യുദ്ധം ചെയ്യുന്നുവെന്നത് ഏറെ അല്‍ഭുതകരമാണ്. ഇപ്പോഴത്തെ ഭരണകൂടം സ്വന്തം ജനത്തിനെതിരെ കാണിച്ചുകൂട്ടുന്ന അതിക്രമങ്ങള്‍ക്ക് ഈജിപ്ത് ചരിത്രത്തില്‍ തന്നെ മറ്റു താരതമ്യങ്ങളില്ല. ഞാന്‍ ഈജിപ്തില്‍ നാലു തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നാമത്തേത് ഫാറൂഖ് രാജാവിന്റെ കാലത്താണ്. മൂന്നുതവണ അബ്ദുല്‍ നാസറിന്റെ കാലത്തുമാണ്. അന്നൊന്നും ഇന്നത്തെ പോലുള്ള അവസ്ഥ ജനത്തിനുണ്ടായിട്ടില്ല. എന്നാല്‍ ഇന്ന് അല്ലാഹുവിനും ജനത്തിനുമെതിരെ കള്ളപ്രചാരണങ്ങളാണ് നടക്കുന്നത്. ഇന്ന് ഇവിടെ കാരുണ്യം, ആദരവ്, മനുഷ്യാവകാശങ്ങള്‍ എന്നിവ എവിടെയും കാണാന്‍ കഴിയുന്നില്ല. പള്ളികളാണ് തീയിട്ടു കരിച്ചു കൊണ്ടിരിക്കുന്നത്. നസ്‌റ് പട്ടണത്തിലെ ഏറ്റവും നല്ല പള്ളിയായിരുന്ന റാബിയ അദവിയ തീയിട്ടത് ജീവനുള്ളവരെയും മയ്യിത്തുകളെയും കൂട്ടിയിട്ടാണ്. അവിടെ 500 ല്‍ കൂടുതല്‍ ആളുകളെ കുറിച്ച് ഇന്നും ഒരു വിവരവുമില്ല. രാജ്യത്ത് 2,200 പള്ളികളില്‍ നമസ്‌കാരം നിരോധിച്ചു കഴിഞ്ഞു. 55,000 പള്ളികളിലെ ഖതീബുമാരെ പിരിച്ചുവിട്ടുവെന്നും ഖറദാവി പറഞ്ഞു.
അബ്ദുള്‍ ഖാദര്‍ കക്കുളത്ത് -
Comments