മലയാളി അസ്സോസിയേഷന്‍ ഓഫ് മെരിലാന്റി (മാം)ന്റെ സ്ഥാപക ചെയര്‍മാനും പത്രപ്രവര്‍ത്തകനുമായ ശ്രീ തോമസ് പി. ആന്റണിയുടെ നിര്യാണ (സെപ്‌തംബര്‍ 5) വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി. ത്യാഗമനോഭാവമുള്ള ഒരു ഭാഷാസ്‌നേഹിയുടെ വിയോഗത്തില്‍ അതിയായ വേദന തോന്നി. കവിത, കഥ, നോവല്‍, ലേഖനം, മാധ്യമം എന്നീ കലാ സാഹിത്യ മേഖലകളെ പോഷിപ്പിക്കുന്ന ഒരു സാഹിത്യസ്‌നേഹി എന്ന നിലയില്‍ അമേരിക്കന്‍ / ലോക മലയാള എഴുത്തുകാര്‍ക്കിടയില്‍ ശ്രദ്ധേയനാണ് ആന്റണി. 2004 മുതല്‍ ഞാന്‍ 'മാം'മിന്റെ സജീവ പ്രവര്‍ത്തകനാണ്. അന്ന് ഡോ. എം.വി. പിള്ളയുടെ നേതൃത്വത്തില്‍ 'മാം' നടത്തിയ സാഹിത്യമത്സരത്തില്‍ ചെറുകഥയില്‍ ഞാന്‍ ഒരു വിജയിയായിരുന്നു. അന്നത്തെ അവാര്‍ഡ് ദാനച്ചടങ്ങില്‍ ശ്രീ ആന്റണിയുടെ അനിതരസഹജമായ സംഘടനാ പാടവവും സാഹിത്യസേവന ശുഷ്‌ക്കാന്തിയും പ്രഭാഷണ ചാതുര്യവും പ്രശംസനീയമായിരുന്നു. ഈ കാലയളവില്‍ 'മാമി'നോട് ബന്ധപ്പെട്ട കാര്യങ്ങളുമായി ഞാനും ആന്റണിയും ഇടയ്‌ക്കിടെ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം ചെയ്യണം എന്ന വെമ്പലായിരുന്നു ധ്വനിയില്‍ കൂടുതലും. ജോസഫ് പോത്തനും, ഷഹി പ്രഭാകരനും, ജെ. മാത്യുവും, ഷാജന്‍ ആനിത്തോട്ടവും, ഡോ. നന്ദകുമാറും, ഞാനും, ടോം മാത്യുവും, മൊയ്‌തീന്‍ പുത്തന്‍ചിറയും മറ്റും 'മാമി'ന്റെ വളര്‍ച്ചയ്‌ക്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും, അതിനുവേണ്ട ഊര്‍ജ്ജം പകര്‍ന്നു തന്നത് ആന്റണിയാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഹെന്‍റി പറഞ്ഞു: ആന്റണിക്ക് ഊണിലും ഉറക്കത്തിലും 'മാമി'നെപ്പറ്റിയേ ചിന്തയുള്ളൂ എന്ന്. അതിനുവേണ്ടി ചിലപ്പോള്‍ ആരുമായും ഇണങ്ങാനും പിണങ്ങാനും തായ്യാറാണ്. സ്വന്തം ധനവും സമയവും വ്യയം ചെയ്‌തു ഒരു പതിറ്റാണ്ടിലേറെ കാലത്തെ കൈരളി സേവനത്തേയും 'മാം' നേതൃത്വത്തേയും മാനിച്ച് 'മാമി'ന്റെ പത്താം വാര്‍ഷികത്തില്‍ (2012) ആന്റണിയെ ആദരിച്ചു. അമേരിക്കയിലെ പല സംഘടനകളും ക്രിസ്‌തുമസ്, ഓണം എന്നിവയില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ അതില്‍നിന്ന് വ്യത്യസ്ഥമായി സാഹിത്യവും കലയും മാത്രം ലക്ഷ്യം വെച്ചുകൊണ്ട് 2002ല്‍ ഡോ. അലോക് പ്രസാദ് (മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ) ബാള്‍ട്ടിമൂറില്‍ വെച്ച് 'മലയാളി അസ്സോസിയേഷന്‍ ഓഫ് മെരിലാന്റ് (മാം) ഉദ്‌ഘാടനം ചെയ്‌തു. പിന്നീട് അതിന്റെ പേര് 'മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) എന്നു മാറ്റി. മാമിന്റെ ഗ്ലോബല്‍ സാഹിത്യ മത്സരത്തിന്റെ ഭാഗമായി 2010ല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച, ഞാനും പങ്കെടുത്ത അവാര്‍ഡ് ദാന ദിനത്തില്‍ ചെണ്ട, വാദ്യമേളങ്ങളോടെ 'മാം' ജേതാക്കളെയും മുഖ്യാതിഥികളേയും ആന്റണി സ്വീകരിച്ചത് അവിസ്‌മരണീയമായിരുന്നു. ഡോ. എം.വി. പിള്ള, പോള്‍ കറുകപ്പിള്ളില്‍, കെ.എം. റോയ്, ദിനേഷ് മണി എം.എല്‍ .എ., അബ്ദുള്‍ ഹമീദ് ഐ.പി.എസ്., അശോക് രാജ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലെ അവാര്‍ഡ് വിതരണ നിമിഷങ്ങള്‍ ആന്റണിയുടേയും ജീവിതത്തിലെ ധന്യതയുടെ ദൗത്യ മുഹൂര്‍ത്തങ്ങളായിരുന്നു.
Comments