ജോസ് മാളേയ്‌ക്കല്‍
ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോമലബാര്‍ ദേവാലയത്തിലെ മതബോധനസ്‌കൂളില്‍ 2013-2014 അദ്ധ്യനവര്‍ഷക്ലാസുകള്‍ മാതാവിന്റെ ജനനതിരുനാളായ സെപ്‌റ്റംബര്‍ 8-ന് ആരംഭിച്ചു. ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപറമ്പില്‍, റവ. ഫാ. ജോര്‍ജ് കുംബിളുമൂട്ടില്‍ എന്നിവര്‍ കാര്‍മ്മികരായി അര്‍പ്പിച്ച ദിവ്യബലിയ്‌ക്കു ശേഷം 300 ല്‍ പരം മതബോധനവിദ്യാര്‍ത്ഥികളെയും, 40 ല്‍ അധികം വരുന്ന അധ്യാപകരെയും പുതിയ അധ്യയനവര്‍ഷത്തേക്ക് ഫാ. അഗസ്റ്റിന്‍ സ്വാഗതം ചെയ്‌തു. പുതിയ സ്‌കൂള്‍ വര്‍ഷം സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ആരംഭിക്കുന്ന ഇംഗ്ലീഷ് കുര്‍ബാനയുടെ പരിശീലനം അന്നേദിവസം കുട്ടികള്‍ക്കും മതാധ്യാപകര്‍ക്കും അദ്ദേഹം നല്‍കി. സെപ്‌റ്റംബര്‍ 15 ഞായറാഴ്‌ച്ച പത്തുമണിക്ക് ഇംഗ്ലീഷ് കുര്‍ബാനയോടെ സി സി ഡി ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു. ഫിലാഡല്‍ഫിയ സെ. ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ഇംഗ്ലീഷ് കുര്‍ബാനയില്‍ മതബോധനസ്‌കൂള്‍ കുട്ടികളും, അധ്യാപകരും, ധാരാളം യുവജനങ്ങളും, മാതാപിതാക്കളും പങ്കെടുത്തു. ഏതാണ്ട് നാലുവര്‍ഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം നടത്തിയ ഇംഗ്ലീഷ് കുര്‍ബാനയില്‍ പങ്കെടുത്തതിലുള്ള സന്തോഷം എല്ലാവരും പ്രകടിപ്പിച്ചു. കുര്‍ബാനയിലെ പ്രാര്‍ത്ഥനകളുടെയും, പാട്ടുകളുടെയും അര്‍ത്ഥം ശരിക്കും മനസിലാക്കി ദിവ്യബലിയില്‍ സജീവമായി പങ്കെടുക്കാന്‍ സാധിച്ചു എന്ന് മിക്ക കുട്ടികളും അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്ക് ബ്രോങ്ക്‌സ് സീറോമലബാര്‍ പള്ളിയില്‍നിന്നും ദിവ്യബലിയില്‍ പങ്കെടുത്ത ടോണി പട്ടേരില്‍ തന്റെ വിശ്വാസസാക്ഷ്യം മറ്റു കുട്ടികള്‍ക്കായി പങ്കുവച്ചു. അഞ്‌ജലി, അമല, ജോണി, മലിസ, സലിന, ജയ്‌സണ്‍, ഡെന്നിസ്, ടെല്‍ വിന്‍, റോമി എന്നിവര്‍ മനോഹരമായി ആലപിച്ച ഇംഗ്ലീഷ് പാട്ടുകള്‍ക്കൊപ്പം കോണ്‍ഗ്രിഗേഷന്‍ ഒന്നടങ്കം ചേര്‍ന്നു പാടിയും, പ്രാര്‍ത്ഥനകള്‍ ചൊല്ലിയും ദിവ്യബലി ഒരു സ്വര്‍ഗീയാനുഭൂതിയാക്കി മാറ്റി. ദിവ്യബലി മദ്ധ്യേ ബഹു: മാത്യു മണക്കാട്ടച്ചന്‍ ലളിതമായ ഇംഗ്ലീഷില്‍ നല്‍കിയ സന്ദേശം കുട്ടികളും അധ്യാപകരും നെഞ്ചിലേറ്റിസ്വീകരിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍ തന്നെ മുന്‍കൈ എടുത്തു നടത്തിയ കുര്‍ബാനയുടെ ക്രമീകരണങ്ങള്‍ എല്ലാം തന്നെ മതബോധനസ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് നിര്‍വഹിച്ചത്. ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലിന്റെ മേല്‍നോട്ടത്തില്‍ മതബോധനസ്‌കൂള്‍ ഡയറക്ടര്‍ ഡോ. ജെയിംസ് കുറിച്ചി, സീനിയര്‍ അധ്യാപകരായ ജോസ് ജോസഫ്, ജോസ് മാളേയ്‌ക്കല്‍, ജോസഫ് ജെയിംസ്, മോഡി ജേക്കബ്, ജേക്കബ് ചാക്കോ, പാരിഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, ട്രസ്റ്റിമാരായ വിന്‍സന്റ് ഇമ്മാനുവല്‍, ബിജി ജോസഫ് എന്നിവരും സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
Comments