ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാലസ് പ്രൊവിന്‍സും, ഡിഎഫ്‌ഡബ്ലു പ്രൊവിന്‍സും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ കാവ്യാത്മകവും, നയന മനോഹരവുമായി. മലയാള സാഹിത്യത്തില്‍ 'നാറാണത്തു ഭ്രാന്തന്‍ ' എന്ന ഒരു കവിത കൊണ്ടുതന്നെ മലയാളികളുടെ കാവ്യാചാര്യനായി മാറിയ പ്രൊഫ. മധുസൂദനന്‍ നായരുടെയും മറ്റു വിശിഷ്ടാതിഥികളായെത്തിയ മന്മഥന്‍ നായര്‍ , ഡോ. മാണി സ്‌കറിയ, സിറ്റി കൗണ്‍സില്‍ മെംബര്‍ സജി ജോര്‍ജ്ജ് മുതലായവരുടെ സാന്നിധ്യത്താലും, മൂല്യമേറിയ കലാപരിപാടികളാലും പരിപാടികള്‍ ഗംഭീരമായിരുന്നു. ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ അങ്കണത്തില്‍ രാവിലെ കൃത്യം 11:00 മണിക്ക് റീജിയന്‍ പ്രസിഡന്റ് ഏലിയാസ്‌കുട്ടി പത്രോസ്, വൈസ് പ്രസിഡന്റ് പി.സി. മാത്യു, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ പ്രമോദ് നായര്‍ , ഗ്ലോബല്‍ പിആര്‍ഓ ഡോ. ജോര്‍ജ്ജ് കാക്കനാട്ട് എന്നിവരെയും മറ്റു പ്രൊവിന്‍സുകളുടെയും റീജിയനുകളുടെയും ഭാരവാഹികളെയും നിറഞ്ഞ സദസ്സിനെയും സാക്ഷി നിര്‍ത്തി മധുസൂദനന്‍ നായര്‍ ഭദ്രദീപം തെളിയിച്ചതോടെ പരിപാടികള്‍ക്ക് തിളക്കമാര്‍ന്ന തുടക്കമായി.
ഡാലസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യു തന്റെ സ്വാഗത പ്രസംഗത്തില്‍ കേരളത്തില്‍ നിന്നും മധുസൂദനന്‍ നായരെ മുഖ്യാതിഥിയായി ലഭിച്ചത് അനുഗ്രഹദായകമാണെന്ന് അദ്ദേഹത്തിന്റെ കവിത ഉദ്ധരിച്ചുകൊണ്ടും, മറ്റു അതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചുകൊണ്ടും പറഞ്ഞു. അമേരിക്കന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് പി.സി മാത്യു മുഖ്യാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. ഓണം ഒരു 'സദ്യ' തന്നെയാണെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുക്കിയിരിക്കുന്ന ഓണസദ്യ സ്‌നേഹത്തിന്റെയും ഒരുമയുടെയും ഉത്തമ ഉദാഹരണമാണെന്നും, ജന്മാന്തരങ്ങളുടെ സ്‌നേഹ സന്ദേശം ഉള്‍ക്കൊള്ളുന്നതാണെന്നും പ്രൊഫ. മധുസൂദനന്‍ നായര്‍ പറഞ്ഞു. പുതിയ തലമുറയ്‌ക്ക് മലയാള ഭാഷ പഠിപ്പിച്ചു കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്വം മാതാപിതാക്കളില്‍ നിക്ഷിപ്‌തമായിരിക്കുന്നുവെന്നും, അതിനായി ബാലഗാനങ്ങള്‍ പഠിപ്പിച്ച് അവരെ ശീലിപ്പിക്കുന്നത് നല്ലതാണെന്നും ഉദ്‌ബോദിപ്പിച്ചു. ഒരു നാടന്‍ ബാലഗാനം ചൊല്ലിയും സദസ്സിനെക്കൊണ്ട് ഏറ്റു ചൊല്ലിപ്പിച്ചും കവി സദസ്സിനെ കോള്‍മയിര്‍ കൊള്ളിപ്പിച്ചു.
ഒന്നാം മാനം കൊണ്ടോരൂഞ്ഞാല്‍
ആടിപ്പാടി തോഴി ... ആടിപ്പാടി തോഴീ,..
പാടി വാടീ തോഴീ ...
രണ്ടാം മാനം കൊണ്ടോരൂഞ്ഞാല്‍
ആടിപ്പാടി തോഴീ ..
ഇങ്ങനെ ഒന്നുമുതല്‍ പത്തുവരെ ഈ പാട്ടുപാടി കുട്ടികളെ പഠിപ്പിച്ചാല്‍ കുട്ടികള്‍ക്ക് മലയാള അക്കങ്ങള്‍ ഹൃദ്യസ്ഥമാക്കുവാന്‍ വളരെയെളുപ്പമായിരിക്കുമെന്ന് മലയാളത്തിന്റെ വന്ദ്യഗുരു കൂടിയായ മധുസൂദനന്‍ നായര്‍ പറഞ്ഞു. ഇന്റര്‍ നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍, സൗത്ത് വെസ്റ്റ് കിങ്‌സ്റ്റണ്‍ യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് വിന്‍സന്റ്, മുതലായവയുടെ പ്രസിഡന്റായ മന്മഥന്‍ നായര്‍ കേരളത്തില്‍ നടക്കുന്ന അക്രമത്തിനും അസന്മാര്‍ഗ്ഗികത്തിനുമെതിരെ കവി തന്റെ തൂലികയില്‍ കൂടി പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഡോ. മാണി സ്‌കറിയ, സിറ്റി കൗണ്‍സില്‍ അംഗം സജി ജോര്‍ജ്ജ്, കേരള അസോസിയേഷന്‍ പ്രസിഡന്റ് ചെറിയാന്‍ ചൂരനാട്, ജോര്‍ജ്ജ് കാക്കനാട്ട്, ഏലിക്കുട്ടി ഫ്രാന്‍സിസ് മുതലായവര്‍ ആശംസകള്‍ നേര്‍ന്നു. സോളമന്‍ വര്‍ഗീസ്, സുകു വര്‍ഗീസ്, നിതിന്‍ തോമസ്സുകുട്ടി, സന്തോഷ് സാമുവേല്‍ എന്നിവര്‍ ആലപിച്ച മധുര മനോഹരമായ ഗാനങ്ങളും തോമസ് കുട്ടിയും, സിനുവും അവതരിപ്പിച്ച യുഗ്മഗാനങ്ങളും സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി. ക്രിസ്റ്റീന തോമസ്സിന്റെ നേതൃത്തിലുള്ള ബ്‌ളൂ ഫ്‌ളെയിം ഡാന്‍സ് സ്‌കൂളിന്റെയും, മിനി ശ്യാമും സംഘത്തിന്റെയും നൃത്യനിര്‍ത്തങ്ങളും, ജിയാ തോമസ്സിന്റെയും, ജിസില്‍ ജോര്‍ജ്ജിന്റെയും ബോളിവുഡ് ഡാന്‍സും, മോഹിനിയാട്ടവും, രമ്യാ ഉണ്ണിത്താനും സംഘവും അവതരിപ്പിച്ച തിരുവതിരയും ഉന്നത നിലവാരം പുലര്‍ത്തി.
ജിമ്മി കുളങ്ങര, വര്‍ഗീസ് കെ.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ചെണ്ടമേളം ചടങ്ങിനു കൊഴുപ്പേകി. വേള്‍ഡ് മലയാളി തരുണീമണിമാര്‍ താലപ്പൊലികളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്കാനയിച്ചപ്പോള്‍ വിശിഷ്ടാതിഥികളും അവരെ അനുഗമിച്ചു. വേദിയിലെത്തിയ മഹാബലി പ്രജകള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നതോടൊപ്പം, പ്രജകളുടെ ഐഖ്യത്തെ പ്രകീര്‍ത്തിക്കുകയും, അടുത്തവര്‍ഷം വീണ്ടും വരാമെന്ന് അരുളുകയും ഉണ്ടായി. പ്രൊവിന്‍സ് ചെയര്‍മാന്മാരായ സുജന്‍ കാക്കനാട്ട്, ഫിലിപ്പ് സാമുവേല്‍ പ്രസിഡന്റുമാരായ വര്‍ഗീസ് മാത്യു, ഷാജി രാമപുരം സെക്രട്ടറിമാരായ ഡോ. വികാസ് നെടുമ്പള്ളില്‍, സുജിത്ത് തങ്കപ്പന്‍, ട്രഷറര്‍ സജി നായര്‍, ഏലിയാസ് നെടുവേലില്‍ , തോമസ് കുട്ടി, വൈസ് ചെയര്‍ പേഴ്‌സണ്‍സ് ഷൈലാ പത്രോസ്, ക്രിസ്റ്റീന തോമസ്, ജോണ്‍ മാത്യു, രാജന്‍ മാത്യു എന്നിവരും റീജിയന്‍ നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്ജ്, ഫിലിപ്പോസ് തോമസ്, എന്‍ഇസി ചെറിയാന്‍ അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. രശ്‌മി വികാസും, ജോഷ് മാത്യുവും അവതരണം ഭംഗിയാക്കി. സുജന്‍ കാക്കനാട്ട് നന്ദി പ്രകാശിപ്പിച്ചു. ബ്ലാക്ക് പെപ്പര്‍ റെസ്‌റ്റൊറന്റ് ഒരുക്കിയ ഓണസദ്യ മറക്കാനാവാത്ത അനുഭവമായിമാറി. ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.
Comments