You are Here : Home / USA News

അമേരിക്കയില്‍ നിന്ന്‌ ഓണസമ്മാനം; ഗോപിക കുടിലില്‍ നിന്ന്‌ കൊച്ചുവീട്ടിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 18, 2013 03:19 hrs UTC

ആലപ്പുഴ: പ്‌ളാസ്റ്റിക്‌ മറച്ചുകെട്ടിയുണ്ടാക്കിയ ചെറ്റക്കുടിലില്‍ നിന്ന്‌ ഗോപികയ്‌ക്കും അമ്മക്കും മോചനമാകുന്നു. അമേരിക്കയിലെ ഹൈന്ദവകൂട്ടായ്‌മയുടെ ഓണസമ്മാനമായി ഇവര്‍ക്ക്‌ കിട്ടുന്നത്‌ പുതിയൊരു വീട്‌. ഇതിനാവശ്യമായ പണം കഴിഞ്ഞദിവസം മാന്നാറില്‍ നടന്ന ചടങ്ങില്‍ ഗോപികയുടെ അമ്മ മണിക്ക്‌ അമേരിക്കയിലെ മലയാളി സാമൂഹ്യപ്രവര്‍ത്തക ഡോ. നിഷാ പിള്ള കൈമാറി. മാന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇനി ഗോപികയ്‌ക്ക്‌ വീടുയരും. മാന്നാര്‍ കുളഞ്ഞിക്കാരാഴ്‌മ നടുവിലേത്തറയില്‍ പരേതനായ ഗോപിയുടെ മകള്‍ ഗോപികയുടെ ദു:ഖകഥ പത്രങ്ങളിലൂടെയാണ്‌ പുറംലോകം അറിഞ്ഞത്‌.. നട്ടെല്ലിനു ക്ഷതമേറ്റ്‌ നടക്കാനാകാതെ നിത്യരോഗിയായ അമ്മക്കോപ്പം ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലില്‍ താമസം. പഠിക്കാന്‍ മിടുക്കിയായ ഈ ആറാം ക്‌ളാസുകാരിക്ക്‌ പുതിയ യൂണിഫോം ഇല്ല. ബുക്കില്ല, കുടയില്ല. രണ്ടു കിലോമീറ്റര്‍്‌ ദൂരെയുള്ള സ്‌ക്കൂളിലേക്ക്‌ നടന്നുവേണം പോകാന്‍. അതും അമ്മയെ പരിചരിച്ച ശേഷം. പലപ്പോഴും ഗോപികയ്‌ക്ക്‌ സ്‌ക്കൂളില്‍ പോകാന്‍പോലും കഴിയാറില്ല. അന്നത്തിനും അമ്മയുടെ ചികില്‍സയ്‌ക്കും പണമില്ലാതെ വിഷമിക്കുന്ന കിടപ്പാടമില്ലാത്ത ഗോപികയുടെ ദു: ഖകഥയറിഞ്ഞ കേരളാ ഹിന്ദുസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സജീവ പ്രവര്‍ത്തകരായ ഡോ. നിഷപിള്ള, നിഷാന്ത്‌ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗോപികാ സഹായ നിധി രൂപികരിച്ചു. സംഘടനയുടെ മുന്‍പ്രസിഡന്റ്‌മാരായ മന്‍മഥന്‍നായരും ഡോ. രാംദാസ്‌ പിള്ളയും നല്ലതുക സംഭാവന ചെയ്‌തത്‌ ആവേശമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതീക്ഷിച്ച പണം സ്വരൂപിക്കാനായി. സ്ഥലം കണ്ടെത്തി വീട്‌ നിര്‍മ്മിച്ചു നല്‍കാനുള്ള ഉത്തരവാദിത്വം മാന്നാര്‍ ഗ്രാമ പഞ്ചായത്ത്‌ ഏറ്റെടുത്തത്‌ കാര്യങ്ങള്‍ എളുപ്പമാക്കി. ഗോപികയ്‌ക്ക്‌ പണംകൈമാറുന്ന ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വല്‍സല ബാലകൃഷ്‌ണന്‍, അംഗങ്ങളായ സുജിത്‌ ശ്രീരംഗം, തോമസ്‌ ചാക്കോ എന്നിവരും പങ്കെടുത്തു.ഗോപികയ്‌ക്കും അമ്മക്കും ഓണക്കോടിയും ഡോ നിഷപിള്ള സമ്മാനിച്ചു ഗോപികയുടെ കോളേജ്‌ പഠനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ ഡോ. നിഷാ പിള്ള പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.