ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടി. സെപ്‌റ്റംബര്‍ ഒന്നാം തീയതി ആരംഭിച്ച എട്ടുനോമ്പാചരണം ഏഴാംതീയതി ശനിയാഴ്‌ച വരെ എല്ലാദിവസവും വിശുദ്ധ കുര്‍ബാനയോടും പ്രത്യേക പ്രാര്‍ത്ഥനകളോടും, സ്‌നേഹവിരുന്നോടും കൂടി നടത്തപ്പെട്ടു. സെപ്‌റ്റംബര്‍ ഏഴാംതീയതി ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തിനുപുറത്ത് സ്ഥാപിതമായ മനോഹരമായ ഗ്രോട്ടോയില്‍ വെച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ബഹുമാനപ്പെട്ട വൈദീകരും, ആയിരക്കണക്കിന് വിശ്വാസികളും പ്രദക്ഷിണമായി ഗ്രോട്ടോയില്‍ എത്തി. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍, ഫാ. ജോര്‍ജ് പീറ്റര്‍ എസ്.ജെ, ഫാ. ടോം പന്നലക്കുന്നേല്‍, ഫാ. ബെഞ്ചമിന്‍ ചിന്നപ്പന്‍ എന്നിവര്‍ കാര്‍മീകരായിരുന്നു. ഫാ. ജോയി ആലപ്പാട്ട് ഹൃദ്യമായ തിരുനാള്‍ സന്ദേശം നല്‍കി. ദിവ്യബലിക്കുശേഷം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടേയും ബാന്റ് സെറ്റിന്റേയും അകമ്പടിയോടെ വിശ്വാസികള്‍ പ്രാര്‍ത്ഥനാനിരതരായി കത്തിച്ച മെഴുകുതിരികളുമേന്തി, പങ്കെടുത്ത ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായ പ്രദക്ഷിണം കത്തീഡ്രല്‍ ദേവാലയം ചുറ്റി വിശാലമായ പാര്‍ക്കിംഗ് ലോട്ടിലൂടെ ഗ്രോട്ടോയില്‍ തിരിച്ചെത്തി തുടര്‍ന്ന് തിരുസ്വരൂപ വണക്കവും നേര്‍ച്ച കാഴ്‌ച സമര്‍പ്പണവും നടത്തപ്പെട്ടു. കത്തീഡ്രല്‍ ദേവാലയത്തിനുപുറത്ത് നടത്തപ്പെട്ട ഭക്തിനിര്‍ഭരമായ തിരുകര്‍മ്മാദികള്‍ വിശ്വാസികള്‍ക്ക് നവ്യമായ ഒരു അനുഭവമായിരുന്നു. റോസമ്മ തെനിയപ്ലാക്കലും കുടുംബവുമായിരുന്നു എട്ടുനോമ്പ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു. വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോണ്‍ വര്‍ഗീസ് തയ്യില്‍പീഡിക, ജോസ് കടവില്‍, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍, കൈക്കാരന്മാരായ സിറിയക് തട്ടാരേട്ട്, മനീഷ് ജോസഫ്, ഇമ്മാനുവേല്‍ കുര്യന്‍ മേലേക്കുടിയില്‍, ജോണ്‍ കൂള എന്നിവരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും തിരുനാളിന് നേതൃത്വം നല്‍കി.
Comments