ഡാലസ് : നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 14 നു രാവിലെ 11 മണിക്ക് ഡിഎഫ്ഡബ്ല്യു ഹിന്ദു ക്ഷേത്രത്തിന്റെ കള്‍ചറല്‍ ഹാളില്‍ എന്‍എസ്എസ്എന്‍ടിയുടെ കമ്മിറ്റി അംഗങ്ങള്‍ ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്‍എസ്എസ് - എന്‍ടി പ്രസിഡന്റ് ഡോ. ശ്രീകുമാര്‍ നായരുടെ സ്വാഗത പ്രസംഗത്തിനുശേഷം കലാപരിപാടികള്‍ ആരംഭിച്ചു. മജീഷ്യനും മെര്‍ലിന്‍ അവാര്‍ഡ് ജേതാവുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി ഓണ സന്ദേശം നല്‍കി. എന്‍എസ്എസ് എന്‍ടിയിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘഗാനം, തിരുവാതിരകളി തുടങ്ങിയ കലാപരിപാടികള്‍ പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്നു നടന്ന മാവേലിയുടെ വരവേല്‍പ്പ് കാണികളില്‍ ഗതകാല സ്മരണയുണര്‍ത്തി. ഓണസദ്യയോടുകൂടി ഓണാഘോഷങ്ങള്‍ക്ക് വിരാമമായി. എന്‍എസ്എസ്-എന്‍ടി സെക്രട്ടറി മനോജ് രത്‌നാകരന്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. രമ്യ പ്രമോദ്, രമാ സുരേഷ്, സ്മിത മനോജ്, ഷര്‍മതാ രാജേഷ്, റീഷാ, അഞ്ജലി, ലേഖ പ്രമോദ്, രശ്മി വികാസ്, രാധികാ സജിത്, പൂജാ ജയ്ദീപ് എന്നിവര്‍ ചേര്‍ന്ന് തിരുവാതിരകളി അവതരിപ്പിച്ചു. സേതു പണിക്കര്‍, സിന്ധു സുധീര്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു.
Comments