You are Here : Home / USA News

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഢഗംഭീരമായി

Text Size  

Story Dated: Thursday, September 19, 2013 10:37 hrs UTC

മൗണ്ട്‌ വെര്‍ണന്‍ : വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ (ഡബ്ലു.എം.എ) ഓണാഘോഷം കഴിഞ്ഞ ശനിയാഴ്‌ച്ച വെസ്റ്റ്‌ ചെസ്റ്ററിലുള്ള മൗണ്ട്‌ വെര്‍ണന്‍ ഹൈസ്‌ക്കൂളില്‍ വച്ച്‌ പ്രൗഢഗംഭീരമായി കൊണ്ടാടി. പ്രശസ്‌ത സിനിമാ സംവിധായകന്‍ ബ്‌ളസ്സി മുഖ്യാതിഥിയായിരുന്നു. രാവിലെ 11:30 ന്‌ ഓണസദ്യയോടുകൂടി ആരംഭിച്ച പരിപാടികളില്‍ കൗണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന്‌ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി മാവേലി മന്നന്റെ എഴുന്നള്ളിപ്പു നടത്തി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി മാവേലി മന്നന്റെ വേഷമണിഞ്ഞെത്തിയ രാജ്‌ തോമസ്‌ തന്നെയായിരുന്നു ഈ വര്‍ഷത്തെയും മാവേലി. അതിനു ശേഷം ഷൈനി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിര എല്ലാവരുടെയും മനം കവര്‍ന്നു. സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്റെ ആമുഖത്തോടുകൂടി പൊതുപരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. ജാതിമത സംഘടനകളുടെ അധിപ്രസരം പ്രവാസി മലയാളികളുടെ കൂട്ടായ്‌മയ്‌ക്കും സാമൂഹിക നന്മകള്‍ക്കും വേണ്ടി പൊതു താത്‌പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക്‌ ഒരു ഭീഷണിയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്‌ ജോയി ഇട്ടന്റെ സ്വാഗത പ്രസംഗത്തില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്ള സംതൃപ്‌തി രേഖപ്പെടുത്തുകയും ഡബ്ലു.എം.എയ്‌ക്ക്‌ സമൂഹത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണയ്‌ക്ക്‌ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു.

 

നാമം പ്രസിഡന്റ്‌ പി. മാധവന്‍ നായര്‍ ഓണ ദൂത്‌ നല്‍കി. മലയാളി സംഘടനകള്‍ സാമൂഹിക നന്മയയ്‌ക്കായി പ്രവര്‍ത്തിക്കണമെന്നും, ഭാരതത്തില്‍ ഇന്ന്‌ പ്രവാസികള്‍ക്കായി നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്‌ എല്ലാ മലയാളി സംഘടനകളും ജാതിമത രാഷ്ട്രീയ വൈരങ്ങള്‍ വെടിഞ്ഞ്‌ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശിഷ്ടാതിഥികളായെത്തിയ മൗണ്ട്‌ വെര്‍ണന്‍ മെയര്‍ ഏണെസ്റ്റ്‌ ഡി. ഡേവിസും, ന്യൂറോഷല്‍ മേയര്‍ നോം ബ്രാംസണും ഡബ്ലു.എം.എ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി സമൂഹത്തിനു ചെയ്യുന്ന നന്മകളെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. തുടര്‍ന്നു സംസാരിച്ച ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ഫോമ ന്യൂയോര്‍ക്ക്‌ റീജിയന്‍ പ്രസിഡന്റ്‌ എ.വി വര്‍ഗീസ്‌, എന്നിവര്‍ ഓണത്തിന്റെ മഹാത്മ്യത്തെക്കുറിച്ചു സംസാരിക്കുകയും അടുത്ത വര്‍ഷം വെസ്റ്റ്‌ ചെസ്റ്ററിലുള്ള എല്ലാ മലയാളി കുടുംബങ്ങളും ഒത്തുചേരുന്ന ഒരു മഹാമേളയായി ഓണം ആഘോഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ വിനോദ്‌ കെയാര്‍ക്കെ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്‌തു. ട്രഷറര്‍ കുരൂര്‍ രാജന്റെ നന്ദി പ്രകാശനത്തോടെ പൊതുസമ്മേളനം അവസാനിച്ചു.

 

 

തുടര്‍ന്ന്‌ മയൂര സ്‌ക്കൂള്‍ ഓഫ്‌ ആര്‍ട്‌സിന്റെ അതിമനോഹരമായ നൃത്യനിര്‍ത്തങ്ങളും, കൊച്ചിന്‍ കലാഭവന്‍ ഒരുക്കിയ മിമിക്ക്‌ ഷോയും, ഗാനമേളയും സദസ്സ്യരുടെ കയ്യടി ഏറ്റുവാങ്ങി. ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി സെക്രട്ടറി ഗാണേഷ്‌ നായര്‍ , വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ തോമസ്‌ കോശി, എം.വി കുര്യന്‍, ചാക്കോ പി. ജോര്‍ജ്ജ്‌, ലീന ആലപ്പാട്ട്‌, രാജ്‌ തോമസ്‌, സുരേന്ദ്രന്‍ നായര്‍, കെ.ജി ജനാര്‍ദ്ദനന്‍, രത്‌നമ്മ രാജന്‍, ഡബ്ലു.എം.എ മുന്‍ പ്രസിഡന്റ്‌ എം.വി ചാക്കോ, ജോണ്‍ മാത്യു (ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ), ഡോ. ഫിലിപ്പ്‌ ജോര്‍ജ്ജ്‌, സണ്ണി ചാക്കോ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. കെ.കെ ജോണ്‍സണിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഡബ്ലു.എം.എ പ്രസിദ്ധീകരണമായ കേരള ദര്‍ശനത്തിന്റെ ഉദ്‌ഘാടനം ബ്‌ളസ്സി നിര്‍വ്വഹിച്ചു. ടെറന്‍സണ്‍ തോമസ്സും, ഗണേഷ്‌ നായരുമായിരുന്നു കേരള ദര്‍ശനത്തിന്റെ അസോസിയേറ്റ്‌ എഡിറ്റര്‍മാര്‍ . സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും കൂട്ടായ്‌മയായ ഓണം ഒരു വന്‍വിജയം ആക്കിത്തീര്‍ത്ത വെസ്റ്റ്‌ ചെസ്റ്റര്‍ നിവാസികള്‍ക്ക്‌ പ്രസിഡന്റ്‌ ജോയി ഇട്ടനും, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.