ജോസ് കുമ്പിളുവേലില്‍
ലണ്ടന്‍ : അണ്ഡോല്‍പ്പാദന ശേഷിയില്ലാത്ത സ്ത്രീകള്‍ക്കായി ബ്രിട്ടനില്‍ ആദ്യത്തെ ഹ്യൂമന്‍ എഗ്ഗ് ബാങ്ക് ലണ്ടനിലെ വനിതാ ക്‌ളനിക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. 750 പൗണ്ട് പ്രതിഫലം നല്‍കിയാണ് ബാങ്ക് അണ്ഡങ്ങള്‍ ശേഖരിക്കുന്നത്. സ്വയം ഉല്‍പ്പാദിപ്പിയ്ക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ഇവിടെനിന്ന് അവ സ്വീകരിച്ച് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിയും. അണ്ഡോല്‍പ്പാദനം നടത്തുമെങ്കിലും എന്നാല്‍ പൂര്‍ണ്ണ ശേഷിയില്ലാത്ത സ്ത്രീകള്‍ക്കും ബാങ്ക് സഹായം നല്‍കും. ഐവിഎഫ് ആവശ്യക്കാര്‍ക്ക് കൗണ്‍സലിങ് ലഭ്യമാക്കുമെന്ന് എഗ്ഗ് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഐവിഎഫിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് 18 വയസ് തികയുമ്പോള്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്താനുള്ള അവകാശം ലഭിയ്ക്കും.
മൂവായിരം പൗണ്ടാണ് അണ്ഡത്തിന്റെ വില. കൂടാതെ 5000 പൗണ്ട് അധികം നല്‍കിയാല്‍ ഐ വി എഫ് ചികില്‍സയും ലഭ്യമാക്കും. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന സ്ത്രീകള്‍ ഇതിലൂടെ ചൂഷണം ചെയ്യപ്പെടുമെന്ന് ആരോപണമുണ്ട്. യുവതികള്‍ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചറിയാതെ അണ്ഡങ്ങള്‍ നല്‍കാനുള്ള കരാറുകളില്‍ ഒപ്പിടാനും സാധ്യതയുണ്ട്. പിന്നീട് ഗര്‍ഭം ധരിക്കാന്‍ സാധ്യതയില്ലെന്നതാണ് ഇതിന്റെ മുഖ്യദോഷമായി ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല തങ്ങളുടെ അണ്ഡങ്ങളില്‍നിന്നുണ്ടായിട്ടുള്ള കുട്ടികള്‍ ലോകത്ത് ജീവിക്കുന്നുണെ്ടന്ന സത്യം മാനസികമായും അവരെ തളര്‍ത്തും.
അണ്ഡദാതാക്കളുടെ അഭാവം ബ്രിട്ടനില്‍ കൂടുതലായി കാണപ്പെടുന്നതായി ഡയറക്ടര്‍ ഡോ കമല്‍ അഹൂജ പറഞ്ഞു. ഇതിന് മാറ്റം വരുത്താനുള്ള പ്രത്യേക കാഴ്ച്ചപ്പാടിലൂടെയാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അന്യരാജ്യങ്ങളിലേക്ക് ഐ വി എഫ് ചികിത്സ തേടി പോകുന്ന ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് എഗ്ഗ് ബാങ്കിന്റെ സഹായം നിശ്ചയമായും ലഭിയ്ക്കുമെന്നും അവര്‍ പറഞ്ഞു.
Comments