ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍ : യൂറോപ്പിന്റെ ഉരുക്കുവനിതയെന്നു വിശേഷിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ മെഴുകില്‍ തീര്‍ത്ത പ്രതിമ സെപ്റ്റംബര്‍ 19 വ്യാഴാഴ്ച ബര്‍ലിനിലെ മാഡം തുസെ (Madame Tussauds ) മ്യൂസിയത്തില്‍ പ്രതിഷ്ഠിയ്ക്കും. ബര്‍ലിനിലെ മാഡം തുസെയിലെ 15 വിദഗ്ധര്‍ കഴിഞ്ഞ നാലുമാസമായി നടത്തിയ കലാവിരുതിന്റെ ചാതുര്യമാണ് മെര്‍ക്കല്‍ പ്രതിമ.
മ്യൂസിയത്തില്‍ 100 ഓളം പ്രതിമകള്‍ സന്ദര്‍ശകരെ എപ്പോഴും ആകര്‍ഷിയ്ക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് ജര്‍മനിയുടെ ചാന്‍സലറിന്റെയും പ്രതിമ സ്ഥാപിയ്ക്കുന്നത്. ലണ്ടനിലെ മാഡം തുസെ മ്യൂസിയത്തില്‍ പല പ്രതിമകളും മാറ്റി സ്ഥാപിച്ചെങ്കിലും (എലിസബെത്ത് രാജ്ഞിയുടെ പ്രതിമ 23 പ്രാവശ്യം മാറ്റിയിട്ടുണ്ട്) ബര്‍ലിനില്‍ അതുണ്ടായില്ലെന്നു മ്യൂസിയം വക്താവ് പറഞ്ഞു.മെര്‍ക്കലിന്റെ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വ്യക്തിയുടേതാണ്, അതുകൊണ്ടുതന്നെ ഇതിന്റെ ആകര്‍ഷണം ഒന്നുവേറെയാണ്, വക്താവ് കൂട്ടിച്ചേര്‍ത്തു.രണ്ടുലക്ഷം യൂറോയാണ് പ്രതിമയുടെ നിര്‍മ്മാണച്ചെലവ്.
കറുത്ത നീളമുള്ള ട്രൗസറും ഇരുണ്ട നീലനിറമുള്ള കോട്ടും കഴുത്തില്‍ നെക്‌ലേസും അണിയിച്ചാണ് മെര്‍ക്കലിനെ മെഴുകില്‍ തീര്‍ത്തിരിയ്ക്കുന്നത്. കൈകളില്‍ ഡയമണ്ടും ധരിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 22 ഞായറാഴ്ച നടക്കുന്ന ജര്‍മനിയിലെ പൊതുതെരഞ്ഞെടുപ്പിനുള്ള അവസാന തയ്യാറെടുപ്പിലാണ് മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവും കൂട്ടരും. ഇതുവരെയുള്ള പ്രവചനങ്ങളില്‍ മെര്‍ക്കല്‍ മൂന്നാമൂഴത്തിലും ചാന്‍സലറാവുമെന്നാണ് പരക്കെയുള്ള കണക്കുകൂട്ടല്‍ .
Comments