ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്‌എന്‍എ) പ്രസിഡന്റ് ടി.എന്‍ നായര്‍ക്ക് കെഎച്‌എന്‍എ ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു. കൂടാതെ, ഫ്‌ളോറിഡയില്‍ നടന്ന കെഎച്‌എന്‍എ കണ്‍വെന്‍ഷനില്‍ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ നാടകം അവതരിപ്പിച്ച ന്യൂയോര്‍ക്ക് റീജിയനില്‍ നിന്നുള്ള കലാപ്രതിഭകളെ ഈ ചടങ്ങില്‍ ആദരിക്കും. സെപ്‌റ്റംബര്‍ 21 ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ 5 മണിവരെ ക്വീന്‍സിലുള്ള കേരള കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടികള്‍ നടത്തുന്നത്. ടി.എന്‍ നായരെ കെഎച്‌എന്‍എ നാഷണല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം നടത്തുന്ന പ്രഥമ ന്യൂയോര്‍ക്ക് സന്ദര്‍ശനമാണിത്. ഫ്‌ളോറിഡയില്‍ വച്ചു നടത്തിയ നാഷണല്‍ കണ്‍വെന്‍ഷനില്‍ വച്ചാണ് അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. സെക്രട്ടറി ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗണേഷ് നായരാണ്. കെഎച്‌എന്‍എ യുടെ ഭാവി പ്രവര്‍ത്തനങ്ങളും ഈ ചടങ്ങിനോടനുബന്ധിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഫ്‌ളോറിഡയില്‍ നടന്ന കണ്‍വെന്‍ഷനില്‍ വളരെ കലാമൂല്യമുള്ളതും ജനശ്രദ്ധ പിടിച്ചു പറ്റിയതുമായ നാടകം അവതരിപ്പിച്ച് ന്യൂയോര്‍ക്ക് റീജിയന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഡയറക്ടര്‍ സ്‌മിതാ ഹരിദാസ്, അസോസ്സിയേറ്റഡ് ഡയറക്ടര്‍മാരായ ശബരി നാഥ്, കലാ മേനോന്‍, ശാലിനി രാജേന്ദ്രന്‍, കൂടാതെ നാല്‌പതില്‌പ്പരം കലാ പ്രതിഭകളുമാണ്. അവരെ അനുമോദിക്കേണ്ടത് ന്യൂയോര്‍ക്ക് റീജിയന്റെ ഒരു കടമയാണെന്ന് കെഎച്‌എന്‍എ ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് ഓമന വാസുദേവ് പറഞ്ഞു. പ്രസ്‌തുത പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി കെഎച്‌എന്‍എ നാഷണല്‍ സെക്രട്ടറി ഗണേഷ് നായര്‍, വിനോദ് കെയാര്‍ക്കെ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, നിഷാന്ത് നായര്‍, ബാഹുലേയന്‍ രാഘവന്‍, കൃഷ്‌ണ രാജ് മോഹന്‍, ഷിബു ദിവാകരന്‍, മധു പിള്ള എന്നിവര്‍ അറിയിച്ചു.
Comments