ചിക്കാഗോ: ഇന്ത്യാ പെന്തക്കോസ്‌ത് ദൈവസഭയുടെ അന്തര്‍ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന പാസ്റ്റര്‍ ജയിക്കബ് ജോണ്‍ ചിക്കാഗോയിലെ വിവിധ സഭകളില്‍ സന്ദര്‍ശനം നടത്തി. പിന്നീട് ഡസ്‌പ്ലെയിന്‍സിലുള്ള ഐ.പി.സി ഹെബ്രോണില്‍ സെപ്‌റ്റംബര്‍ എട്ടിന് നടത്തിയ അവലോകന സമ്മേളനത്തില്‍ സഭാ ആസ്ഥാനമായ കുമ്പനാട് നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 30 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള ജനറല്‍ കൗണ്‍സില്‍ തീരുമാനം മുന്‍ഗണനാടിസ്ഥാനത്തില്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ലോകമെമ്പാമുള്ള ഏഴായിരത്തോളം ഐ.പി.സി സഭകളുടെ നിര്‍ലോഭമായ സഹകരണത്തോടെ ദൗത്യം പൂര്‍ത്തീകരിക്കും. വിദേശ സഭാ വിശ്വാസികള്‍ക്ക് സജീവമായ പങ്കാളിത്തം നല്‍കി സഭയുടെ വളര്‍ച്ചയുടെ മുന്നേറ്റത്തില്‍ അവരുടെ സഹകരണം ഉറപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ജനുവരി 19 മുതല്‍ 26 വരെ സഭയുടെ നവതി കണ്‍വെന്‍ഷന്‍ കുമ്പനാട്ട് നടക്കും. അതിനു മുന്നോടിയായി 12 മുതല്‍ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥന കുമ്പനാട്ട് നടക്കും. ജനറല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം കുമ്പനാട് സഭാ കേന്ദ്രത്തില്‍ നടത്തിയ നാല്‍പ്പത് ദിന ഉപവാസ പ്രാര്‍ത്ഥനയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഒക്‌ടോബര്‍ മാസം ഡല്‍ഹി അംബേദ്‌കര്‍ സ്റ്റേഡിയത്തിലും 21 ദിന ഉപവാസ പ്രാര്‍ത്ഥന ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റര്‍മാരായ പി.സി. മാമ്മന്‍, ജോസഫ് കെ. ജോസഫ്, ഡോ. അലക്‌സ് കോശി, കെ.എം. ഈപ്പന്‍, കുര്യന്‍ ഫിലിപ്പ്, ഡോണ്‍ കുരുവിള, പാസ്റ്റര്‍ ജോണ്‍ലി തുടങ്ങിയവര്‍ അവലോകന സമ്മേളനത്തില്‍ പങ്കെടുത്തു. ഐ.പി.സി സെന്റര്‍ റീജിയണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗങ്ങളിലും പാസ്റ്റര്‍ ജയിക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.
Comments