ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഡ് ഹഡ്‌സണ്‍ കേരള അസ്സോസിയേഷന്റെ (എം.എച്ച്.കെ.എ.) ഈ വര്‍ഷത്തെ തിരുവോണ മഹോത്സവം പരിപാടികളോടെ കൊണ്ടാടി. സെപ്തംബര്‍ 14 ശനിയാഴ്ച രാവിലെ 11:30 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ ഹിന്ദു സമാജ് അമ്പലത്തില്‍ വെച്ചായിരുന്നു (Hindu Samaj Temple, 3 Brown Road, Wappingers Falls, New York 12590) ആഘോഷങ്ങള്‍ . മിഡ് ഹഡ്‌സണ്‍ റീജിയനിലുള്ള മലയാളികളെല്ലാവരും പരമ്പരാഗത രീതിയില്‍, തനി നാടന്‍ വേഷത്തില്‍ ആഘോഷച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്തിയത് തദ്ദേശവാസികള്‍ക്ക് പുതുമയായിരുന്നു. 20 തരം കറികളോടെ വാഴയിലയില്‍ വിളമ്പിയ ഓണസദ്യ എല്ലാവരും ആസ്വദിച്ചു.
അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. മുഖ്യാതിഥിയേയും വിശിഷ്ടാതിഥികളേയും ചെണ്ടമേള, വാദ്യാഘോഷങ്ങളോടെ വേദിയിലേക്കാനയിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ജേക്കബ്ബ് കോശി എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് (സലിം) ആയിരുന്നു മുഖ്യാതിഥി. Assembly man Kieran Michael Lalor ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉത്ഘാടനം ചെയ്തു. മുഖ്യാതിഥിയെക്കൂടാതെ ഗസ്റ്റ് സ്പീക്കര്‍മാരായ റോക്ക്‌ലാന്റ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് റോയി ചെങ്ങന്നൂര്‍, ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ എന്നിവരും ഓണ സന്ദേശം നല്‍കി. എം.എച്ച്.കെ.എ. വനിതകളുടെ തിരുവാതിര, നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സും മിഡ് ഹഡ്‌സണ്‍ കേരള അസ്സോസിയേഷന്റെ യുവജനവിഭാഗവും അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, ഭരതനാട്യം, കുച്ചിപ്പുടി എന്നീ നൃത്തങ്ങളും, കര്‍ണ്ണാടക സംഗീതവും, ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തു എന്ന് പ്രസിഡന്റ് ജേക്കബ് കോശി തന്റെ സ്വാഗതപ്രസംഗത്തില്‍ പ്രതിപാദിച്ചു. ഈ വര്‍ഷത്തെ പിക്‌നിക്കിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളാവര്‍ക്ക് തോമസ് ഇടിക്കുള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി അനില്‍ രാമപ്പണിക്കരുടെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.
Comments