ഓ സി ഐ - സര്‍ക്കാരിനു കിട്ടിയത് 2340 കോടി രൂപാ. പന്തളം ബിജു തോമസ്
ലാസ് വെഗാസ്: വിദേശ ഇന്ത്യാക്കാര്‍ക്കായി ആരംഭിച്ച ഓ സി ഐ കാര്‍ഡ് സര്‍ക്കാരിന് ചാകരയാകുന്നു. ഈ വര്‍ഷം ജൂലൈ മാസം വരെയുള്ള കണക്ക് പ്രകാരം 1,372,624 ഓ സി ഐ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഈ ഇനത്തില്‍ മാത്രം സര്‍ക്കാരിന് കിട്ടിയത് 2340 കോടി രൂപാ. ഓ സി ഐ കാര്‍ഡിനുള്ള അപേക്ഷ പൂരിപ്പിക്കുവാനും, അതിലെ മാനദണ്ടങ്ങള്‍ പാലിക്കുവാനും ഒരു സാധാരണ അപേക്ഷകന് ബാലികേറാമലയാണ്. ഓ സി ഐ കാര്‍ഡിനുള്ള അപേക്ഷയുടെ കടുത്ത നിബന്ധനകള്‍, കഴിവതും ഒഴിവാക്കണമെന്ന് പ്രമുഖ വിദേശ ഇന്ത്യാക്കാരുടെ സംഘടനകള്‍ വിദേശകാര്യ മന്ത്രാലയത്തോട് പലവട്ടം ആവശ്യം ഉന്നയിച്ചിരുന്നു. ഓ സി ഐ കാര്‍ഡ് കിട്ടിയാലും പ്രശ്നം തീരുന്നില്ല. 20 വയസ്സിനു താഴെയുള്ളവരും, 50 വയസ്സിനു മുകളിലുള്ളവരും വിദേശ പാസ്പോര്‍ട്ട് പുതുക്കുന്നതിനോടൊപ്പം ഓ സി ഐ കാര്‍ഡും പുതുക്കണ്ടാതാണ്. 21 വയസുള്ളവര്‍ മുതല്‍ 49 വയസുള്ളവര്‍ വരെ ഓ സി ഐ കാര്‍ഡ് പുതുക്കണ്ടതില്ല. ഓ സി ഐ കാര്‍ഡില്‍ കാര്‍ഡുടമയുടെ വിദേശത്തെ വിലാസമുണ്ട്, ഇന്ത്യയിലെ വിലാസമില്ല. ഇത് ഒരു തിരിച്ചറിയല്‍ രേഖയായി ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ വകുപ്പും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ കാര്‍ഡ് ഇഷ്യൂ ചെയ്ത വകുപ്പ് പോലും ഇതിനെ ഒരു ആധികാരിക തിരിച്ചറിയല്‍ രേഖയായി കണക്കാക്കുന്നില്ല എന്നതാണ് വിരോധാഭാസം. ഒരു കയ്യില്‍ വിദേശ പാസ്പോര്‍ട്ടും, മറുകയ്യില്‍ ഓ സി ഐ കാര്‍ഡുമായി തദ്ദേശ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു അപേക്ഷ കൊടുത്ത് റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയാല്‍ എല്ലാം ശരിയാവും എന്ന് പ്രവാസികാര്യ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. ഓ സി ഐ കാര്‍ഡിന്റെ എണ്ണം കൂടുന്നതോടൊപ്പം, അതിന്റെ പ്രയോജനങ്ങള്‍, ലഭ്യത, കാലതാമസം മുതലായവ സര്‍ക്കാര്‍ തലത്തില്‍ പരിഗണിക്കണ്ടതാണ്. ഇന്ത്യയിലെ വിലാസം ഉള്‍പ്പെടുത്തി, നാമമാത്രമായ ഫീസ് ഈടാക്കി, പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ഓ സി ഐ കാര്‍ഡ് പുതുക്കത്തക്കവിധം ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് ഫോമാ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസ് അഭ്യര്‍ഥിച്ചു.
Comments