ന്യൂയോര്‍ക്ക്: പ്രശസ്‌ത ഹാസ്യകഥാപ്രസംഗകന്‍ വി.ഡി രാജപ്പന് കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റ് ന്യൂയോര്‍ക്ക് ധനസഹായം കൈമാറി. കേരള സമാജത്തിനുവേണ്ടി ജോയിക്കുട്ടി ജോര്‍ജ് 30,000 രൂപയുടെ ധനസഹായം അദ്ദേഹത്തിന്റെ കോട്ടയം പേരൂരില്‍ ഉള്ള ഭവനത്തില്‍ വെച്ച് നല്‍കി. എണ്‍പത്തിയൊന്ന് സിനിമകള്‍, സീരിയലുകള്‍, 32 പാരഡി കഥാപ്രസംഗങ്ങള്‍, ആറായിരത്തിലധികം വേദികള്‍, കേരളത്തെ കുടുകുടാ ചിരിപ്പിച്ച വി.ഡി രാജപ്പന് ഇപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും വയ്യാതായിരിക്കുന്നു. `എടീ സുലോമേ ഒരു സിഗരറ്റിങ്ങെടുത്തേ..' കോട്ടയം പേരൂരിലെ വീട്ടുമുറ്റത്തെത്തുമ്പോള്‍ എതിരേറ്റത് വേദികളെ കുടുകുടാ ചിരിപ്പിച്ച മനുഷ്യന്റെ സ്വരം. കാലിന് നീരുവെച്ച് എഴുന്നേല്‍ക്കാന്‍ വയ്യെങ്കിലും വേലിക്കുഴിയില്‍ ദേവദാസ് രാജപ്പനെന്ന വി.ഡി രാജപ്പന്റെ ശബ്‌ദത്തിന് ഒട്ടും ഇടര്‍ച്ചയില്ല. `എടിയേ ഒരു സിഗരറ്റ് കൂടി തന്നേ...' അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും സുലോചന സിഗരറ്റും തീപ്പട്ടിയുമായെത്തിയില്ല. ഇതോടെ മനസില്‍ നിന്നോര്‍ത്തെടുത്ത് വി.ഡി രാജപ്പന്‍ ഉച്ചത്തില്‍ പഴയൊരു പാരഡി പാട്ട് പാടി...`പൂമുഖ വാതില്‍ക്കല്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന പൂതനയാണെന്റെ ഭാര്യ..നല്ല മനുഷ്യരെ നാണം കെടുത്തുന്ന താടകയാണെന്റെ ഭാര്യ...' ഹാസ്യ കഥാപ്രസംഗത്തിന്റേയും മലയാളം പാരഡി ഗാനങ്ങളുടേയും ജനയിതാവായ വി.ഡി രാജപ്പന്‍ സ്റ്റാറ്റന്‍ഐലന്റില്‍ തന്നെ നിരവധി സ്റ്റേജുകളില്‍ കാണികളെ കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട്. ഏറെ നേരത്തെ രോഗത്തെ മറന്നുള്ള നര്‍മ്മ സംഭാഷണങ്ങള്‍ക്കും പാട്ടുകള്‍ക്കും ശേഷം വി.ഡി രാജപ്പനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസില്‍ സംതൃപ്‌തി നിറഞ്ഞു. സമാജം പബ്ലിസിറ്റി കണ്‍വീനര്‍ വര്‍ഗീസ് മാത്യു അറിയിച്ചതാണിത്.
Comments