ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്എന്‍എ) നിയുക്ത പ്രസിഡന്റ് ടി.എന്‍ നായര്‍ക്ക് കെഎച്എന്‍എ ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച സ്വീകരണം നല്‍കി. കൂടാതെ ന്യൂയോര്‍ക്ക് റീജിയനില്‍ നിന്നും ഫ്ളോറിഡയില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഏറ്റവും നല്ല നാടകം അവതരിപ്പിച്ച ന്യൂയോര്‍ക്ക് റീജിയനില്‍ നിന്നുള്ള കലാപ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. സെപ്റ്റംബര്‍ 21 ശനിയാഴ്ച ക്വീന്‍സിലുള്ള കേരള കള്‍ച്ചറല്‍ സെന്ററില്‍ വച്ചാണ് സ്വീകരണം നടന്നത്. കെഎച്എന്‍എ യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം നടത്തിയ പ്രഥമ ന്യൂയോര്‍ക്ക് സന്ദര്‍ശനമായിരുന്നു ഇത്. നിയുക്ത സെക്രട്ടറി ഗണേഷ് നായര്‍ , ജോയിന്റ് സെക്രട്ടറി വിനോദ് കെയാര്‍ക്കെ, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ ചെന്ന് പൂച്ചെണ്ടു നല്‍കി സ്വീകരണ വേദിയിലേക്ക് ആനയിച്ചു.
കെഎച്എന്‍എ യ്ക്കു വേണ്ടി ജോയിന്റ് സെക്രട്ടറി വിനോദ് കെയാര്‍ക്കെ, വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ്റിനു വേണ്ടി ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, വേള്‍ഡ് അയ്യപ്പ സേവ സംഘത്തിനുവേണ്ടി പ്രസിഡന്റ് ഗോപിനാഥ കുറുപ്പ്, നായര്‍ ബനവലന്റ് അസോസിയേഷനു (എന്‍ബിഎ) വേണ്ടി പ്രസിഡന്റ് വനജ നായര്‍ , ശ്രീനാരായണ അസോസിയേഷനു വേണ്ടി (എസ്എന്‍എ) സജീവ് ചേന്നാട്ട്, മലയാളി ഹിന്ദു മണ്ഡലത്തിനു (മഹിമ) വേണ്ടി രവി വള്ളക്കെട്ടില്‍ , എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിയ്ക്കക്കു വേണ്ടി ജയപ്രകാശ് നായര്‍ എന്നിവര്‍ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. ശ്രീകുമാര്‍ ഉണ്ണിത്താന്‍ തന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പൊതുയോഗത്തില്‍ സെക്രട്ടറി ഗണേഷ് നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
കെഎച്എന്‍എയ്ക്കു വേണ്ടി ഷിബു ദിവാകരന്‍ , നിഷാന്ത് നായര്‍ , ബാഹുലേയന്‍ രാഘവന്‍, കൃഷ്ണരാജ് മോഹന്‍ , മധു പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുനില്‍ നായര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ ഫ്ളോറിഡയില്‍ നടന്ന നാഷണല്‍ കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച നാടകത്തിന്റെ സംവിധായക സ്മിത ഹരിദാസിനു പൊന്നാടയും ഉപഹാരവും നല്‍കിയും, നാടക രചയിതാവും സംവിധായകനുമായ ശബരി നാഥ്, അസോസിയേറ്റ് ഡയറക്ടേഴ്സായ ശാലിനി മധു, കലാ മേനോന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു. കൂടാതെ സ്മിത ഹരിദാസ് നാടകത്തില്‍ പങ്കെടുത്ത് ന്യൂയോര്‍ക്ക് റീജിയന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച എല്ലാ കലാകാരന്മാരെയും കലാകാരികളെയും സദസ്സിനു പരിചയപ്പെടുത്തുകയും ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു. ടി.എന്‍ നായര്‍ തന്റെ നന്ദി പ്രകാശനത്തില്‍ ന്യൂയോര്‍ക്ക് റീജിയന്റെ പ്രവര്‍ത്തനങ്ങളിലുള്ള സന്തോഷം അറിയിക്കുകയും മേലില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കെഎച്എന്‍എ യുടെ അടുത്ത വര്‍ഷത്തെ പരിപാടികള്‍ ഒക്ടോബര്‍ 19 - ന് ഡാലസ്സില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ വിശദീകരിക്കുന്നതായിരിക്കുമെന്നും ഏവരെയും പ്രസ്തുത മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
Comments