ന്യൂ ജേഴ്‌സിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം (നായര്‍ മഹാമണ്ഡലം ആന്‍ഡ് അസ്സോസിയേട്ടട് മെമ്പേഴ്‌സ്) സെപ്റ്റംബര്‍ 22ന് സംഘടിപ്പിച്ച ഓണാഘോഷം ഹൃദ്യവും മനോഹരവുമായ അനുഭവമായി. എഡിസണിലെ ഹെര്‍ബെര്‍ട്ട് ഹൂവര്‍ മിഡില്‍ സ്‌ക്കൂള്‍ ആണ് വിപുലമായ ആഘോഷപരിപാടികള്‍ക്ക് വേദിയായത്. നാമം സമ്മര്‍ റീഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി രാവിലെ 10. 30ന് കുട്ടികളുടെ പുസ്തകപാരായണം നടത്തി. കുട്ടികളിലെ വായനാശീലം വര്‍ധിപ്പിക്കാനും സഭാകമ്പം മാറ്റാനും ഉദ്ദേശിച്ചു കൊണ്ടുള്ള പരിപാടിക്ക് സജി നമ്പ്യാര്‍ നേതൃത്വം നല്കി. രുചികരമായ ഓണസദ്യക്കു ശേഷം ഒരു മണിയോടെ നാമത്തിന്റെ കള്‍ച്ചറല്‍ സെക്രട്ടറിയും ഓണം പ്രോഗ്രാം കണ്‍വീനറുമായ അഞ്ജലി ഹരിഹരന്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ശ്രീവര്‍ഷ പ്രാര്‍ത്ഥന ഗാനമാലപിച്ചു.
നാമം പ്രസിഡന്റ് മാധവന്‍ ബി നായരും മറ്റു സംഘടന ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണഘോഷപരിപാടികള്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തു. താലപ്പൊലിയും ചെണ്ടമേളവുമായി അത്തപൂക്കളത്തിനരികിലൂടെ മഹാബലി തമ്പുരാനെ വേദിയിലേക്കാനയിച്ചു. വൈസ് പ്രസിഡന്റ് ഗീതേഷ് തമ്പി സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് മാധവന്‍ ബി നായര്‍ തന്റെ സന്ദേശം നല്കുകയും ചടങ്ങില്‍ സന്നിഹിതരായ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖ വ്യക്തികളെ ആദരിക്കുകയും ചെയ്തു. വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ്റ്‌ന്റെ ചെയര്‍മാന്‍ കെ .എന്‍ പാര്‍ത്ഥസാരഥി പിള്ള ഓണസന്ദേശം നല്കി. എഡിസണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന കൗണ്‍സില്‍മാന്‍ ഡോ. സുധാന്‍ഷു പ്രസാദ് പ്രസംഗിച്ചു. കൈകൊട്ടിക്കളിയോടെ നാമം പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ ആരംഭിച്ചു.
ചെണ്ടമേളം, ഓണപ്പാട്ടുകള്‍, വര്‍ണാഭമായ നൃത്തങ്ങള്‍ തുടങ്ങി ആസ്വാദ്യകരമായ വിവിധയിനം പരിപാടികള്‍ അരങ്ങേറി. ന്യൂ ജേഴ്‌സിയുടെ വാനമ്പാടി സുമ നായരുടെ ഗാനങ്ങള്‍ ആഘോഷത്തിനു മാറ്റു കൂട്ടി. തുടര്‍ന്ന് മെലഡീസ് യു എസ് എ അവതരിപ്പിച്ച 'ഓണനിലാവ്' എന്ന പ്രത്യേക കലാവിരുന്നരങ്ങേറി. കലാഭവന്‍ ജയന്‍,പിന്നണി ഗായകന്‍ ഹരിശ്രീ ജയരാജ്., റൂബി ജോണ്‍, അമ്പിളി കൃഷ്ണ എന്നിവര്‍ നയിച്ച ഗാനമേള, നൃത്തം,സ്‌കിറ്റ്,മിമിക്രി തുടങ്ങിയ പരിപാടികള്‍ കാണികള്‍ ഏറെ ആസ്വദിച്ചു. അജിത് ഹരിഹരന്‍,സഞ്ജീവ് നായര്‍,സുധീര്‍ നമ്പ്യാര്‍ എന്നിവര്‍ റാഫിള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ശാന്തിഗ്രാം ആയുര്‍വേദ സെന്റ്ററിന്റെ പ്രത്യേക സമ്മാനം ഡോ. ഗോപിനാഥന്‍ നായര്‍ നല്‍കി. സെക്രട്ടറി ബിന്ദു സഞ്ജീവ് ഓണാഘോഷ പരിപാടി വിജയകരമാക്കാന്‍ പ്രയത്‌നിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി.
Comments