ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട 'കണ്ണൂര്‍ സൗഹൃദം' അതിവിപുലമായി ഓണം ആഘോഷിച്ചു. കണ്ണൂര്‍ ജില്ലയിലെ കിളിയന്തറ, വള്ളിത്തോട്, ഇരിട്ടി, ഉളിക്കല്‍, പേരാവൂര്‍, ചെമ്പേരി, പയ്യാവൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് ഹൂസ്റ്റണിലേക്ക് ചേക്കേറിയിട്ടുള്ളവരുടെ കൂട്ടായ്മയാണ് 'കണ്ണൂര്‍ സൗഹൃദം.' സെപ്തംബര്‍ 21 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണിവരെ ഹോട്ടല്‍ തനിമയില്‍ ആയിരുന്നു ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
കണ്ണൂര്‍ നിവാസികളുടെ ഈ കൂട്ടായ്മയുടെ ഇദംപ്രഥമമായ ഓണാഘോഷത്തിന് വമ്പിച്ച പ്രതികരണമായിരുന്നു ലഭിച്ചതെന്ന് ജോജി ജോസ് ചൂരപ്പുഴ പറഞ്ഞു. രാവിലെ 11 മണിക്ക് പ്രാര്‍ത്ഥനാഗാനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ക്രിസ്റ്റീന്‍ ആയിരുന്നു പ്രാര്‍ത്ഥനാഗാനം ആലപിച്ചത്. ബേബി ജേക്കബ് അതിഥികള്‍ക്ക് സ്വാഗതമരുളി. തുടര്‍ന്ന് ജോസഫ് പുള്ളിയില്‍ ഓണസന്ദേശം നല്‍കി. കണ്ണൂരില്‍ നിന്നുള്ളവരായ ഫാ. ജേക്കബ്ബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. സാന്റി കുരിയന്‍ കൊച്ചുപുരയ്ക്കല്‍, ഫാ. ജോര്‍ജ്ജ് വട്ടപ്പാറ എന്നിവരുടെ മഹനീയ സാന്നിധ്യംകൊണ്ട് ആഘോഷം ധന്യമായി. എവ്‌ലിന്‍, നോയല്‍ എന്നിവരുടെ നൃത്തങ്ങളും, ജാസ്‌ലിന്റെ ഇമ്പമാര്‍ന്ന ഗാനവും സദസ്യര്‍ ആസ്വദിച്ചു. ജോണ്‍ ബാബു കുടുംബങ്ങളെ പരസ്പരം പരിചയപ്പെടുത്തി.
ബാബു കൂട്ടാരപ്പള്ളില്‍ ഓണസമ്മാനം വിതരണം ചെയ്തു. ഫാ. ജേക്കബ്ബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. ജോര്‍ജ് വട്ടപ്പാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാ. സാന്റി കുരിയന്‍ കൊച്ചുപുരയ്ക്കല്‍ ഓണസന്ദേശം നല്‍കി. സാവിയോയുടെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങള്‍ പര്യവസാനിച്ചു. 'കണ്ണൂര്‍ സൗഹൃദ'ത്തിന്റെ പിക്‌നിക് ഒക്ടോബര്‍ 19ന് നടക്കുമെന്ന് സംഘടനയ്ക്കുവേണ്ടി ജോജി ജോസ് ചൂരപ്പുഴ അറിയിച്ചു. ഈ കൂട്ടായ്മയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോജി ജോസ് ചൂരപ്പുഴ 518 253 7227. ഇമെയില്‍ jose_joji@hotmail.com
Comments