യവനചിന്തകനായ സോക്രട്ടീസിനെപ്പറ്റി കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തത്വചിന്തകളെപ്പറ്റിയും അവ മാനവരാശിയ്‌ക്കു നല്‍കിയ മഹത്വത്തെപ്പറ്റിയും അധിമകാര്‍ക്കും അറിയില്ല. അറിവ് ജീവിതത്തിന്റെ പ്രകാശവും, അറിവിന്റെ തിരസ്‌കാരം അജ്ഞതയും ഇരുട്ടിലേക്കുള്ള പ്രയാണവുമാണെന്നും യാഥാസ്ഥിതികര്‍ക്കു മുന്നില്‍ സധൈര്യം വിളിച്ചുപറഞ്ഞ മഹാപ്രതിഭയായിരുന്നു സോക്രട്ടീസ്. അറിവില്ല എന്ന അറിവ് മഹാജ്ഞാനിയാക്കിയ സോക്രട്ടീസിന്റെ ജീവിതവും ദര്‍ശനവും ഒരു നോവലിന് വിഷയമായി. അതും മലയാളത്തില്‍ . സോക്രട്ടീസ് ഒരു നോവല്‍ എന്ന ഈ നോവല്‍ രചിച്ചത് ജോണ്‍ ഇളമതയാണ്.
വിദേശ മലയാളിയായ അദ്ദേഹം മോശ, നെന്മാണിക്യം, ബുദ്ധന്‍ , മരണമില്ലാത്തവരുടെ താഴ്‌വര തുടങ്ങിയ നോവലുകള്‍ക്ക് ശേഷം രചിച്ച സോക്രട്ടീസ് ഒരു നോവല്‍ ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാ തെറ്റുകളും വരുന്നത് അജ്ഞതയില്‍ നിന്നാണെന്നും ശരി ഏതെന്ന് ആളുകള്‍ക്ക് ബോധ്യം വന്നാല്‍ തെറ്റുകളില്‍ നിന്നവര്‍ പിന്മാറുമെന്നും സോക്രട്ടീസ് വിശ്വസിച്ചു. ജനങ്ങളോട് ഹൃദയം ശുദ്ധമാക്കാന്‍ ആഹ്വാനം ചെയ്‌ത അദ്ദേഹം ഒരു ഗ്രന്ഥവും എഴുതിയില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ജനങ്ങള്‍ക്കെത്തിച്ചത് അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളുമായ സെനഫോണും പ്ലേറ്റോയും ആയിരുന്നു. തന്റെ ഉപദേശങ്ങളിലൂടെ അദ്ദേഹം ജനങ്ങളില്‍ ആത്മവിശ്വാസം ജനിപ്പിച്ചു. ധാരാളം ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ടായി. ഏതന്‍സിലെ ഭരണാധികാരികള്‍ക്ക് അദ്ദേഹത്തിന്റെ പ്രശസ്‌തിയും ഉപദേശങ്ങളുമൊന്നും ഇഷ്ടമായില്ല.
യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് പറഞ്ഞ് അവര്‍ സോക്രട്ടീസിനെ ജയിലില്‍ അടച്ചു. എന്നാല്‍ ജയിലില്‍ കിടക്കുമ്പോഴും അദ്ദേഹം ആത്മാവ് നശിക്കാത്തതാണ് എന്ന് പഠിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഭരണാധികാരികള്‍ അദ്ദേഹത്തിന് മരണശിക്ഷ വിധിച്ചു. അവര്‍ നല്‍കിയ ഹെംലക്ക് എന്ന വിഷം പുഞ്ചിരിയോടെ അദ്ദേഹം കുടിച്ചു. ചുറ്റും നിന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പൊട്ടിക്കരഞ്ഞപ്പോഴും മരിക്കുന്നതു വരെ സോക്രട്ടീസിന്റെ ചിരി മാഞ്ഞില്ല. പുതിയ അറിവുകളുടെ ചിന്താപ്രവാഹം ഒരു മനുഷ്യസ്‌നേഹിയുടെ ജീവിതത്തെയും വൈയക്തികാനുഭവങ്ങളെയും എങ്ങനെ മാറ്റിമറിച്ചു എന്ന് പ്രതിപാദിക്കുകയാണ് സോക്രട്ടീസ് ഒരു നോവലിലൂടെ ജോണ്‍ ഇളമത. ഇത്തരമൊന്ന് നമ്മുടെ ശ്രേഷ്‌ഠഭാഷയില്‍ പുറത്തിറങ്ങിയതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.
Comments