മേരിലാന്റ്: പരിശുദ്ധ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും മലങ്കരയുടെ പ്രകാശ ഗോപുരമായ കാലംചെയ്‌ത ശ്രേഷ്‌ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ 17-മത് ഓര്‍മ്മപ്പെരുന്നാളും ബാള്‍ട്ടിമോര്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഭക്ത്യാദരവുകളോടെ കൊണ്ടാടി. എട്ടുനോമ്പാരംഭവും ദുഖ്‌റാനോ പെരുന്നാളുമായ സെപ്‌റ്റംബര്‍ 17-ന് ഞായറാഴ്‌ച വെരി റവ. കുര്യാക്കോസ് വെട്ടിക്കാട്ടില്‍ കോര്‍എപ്പിസ്‌കോപ്പ വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു. വിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ധൂപ പ്രാര്‍ത്ഥനയും അന്നേദിവസം ശുശ്രൂഷാ മധ്യേ നടത്തപ്പെട്ടു.
നേര്‍ച്ച വിളമ്പും സ്‌നേഹവിരുന്നും തുടര്‍ന്ന് നടന്നു. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ദിനമായ എട്ടാം തീയതി ഇടവക വികാരി വെരി റവ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവകാംഗങ്ങളായ ജോണ്‍ പി. ജോയി, ഡോ. ജോര്‍ജ് കട്ടക്കുഴി, മോഹന്‍ വിളയ്‌ക്കാട്ട്, ഡോ. ജോണ്‍ കടവില്‍ എന്നിവര്‍ സംയുക്തമായാണ് ഈവര്‍ഷത്തെ പെരുന്നാള്‍ നേര്‍ച്ചയായി ഏറ്റുകഴിച്ചത്. വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുവാനും ആചാര്യശ്രേഷ്‌ഠന്റെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുക്കുവാനും വിശ്വാസി സമൂഹം ഒരുക്കത്തോടെ ദേവാലയത്തില്‍ എത്തിയിരുന്നു. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
Comments