ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന റാഫിള്‍ ടിക്കറ്റിന്റെ വിതരണോദ്‌ഘാടനം സെപ്‌റ്റംബര്‍ 22-ന് ഞായറാഴ്‌ച ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. വൈസ് പ്രസിഡന്റ് ജോളി പൈലിക്ക് പ്രഥമ ടിക്കറ്റ് നല്‍കി, ചെക്ക് സ്വീകരിച്ചുകൊണ്ട് ഇടവക വികാരി റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി റാഫിള്‍ ടിക്കറ്റ് വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. 2014 ഓഗസ്റ്റ് 15-ന് നറുക്കെടുക്കുവാന്‍ ഉദ്ദേശിക്കുന്ന റാഫിളില്‍ അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം 5 പവന്‍ സ്വര്‍ണ്ണമാണ്. ഒട്ടനവധി മറ്റ് സമ്മാനങ്ങളുമുണ്ട്. ബേബി വര്‍ക്കി സി.പി.എ (മയാമി), റോയി മാത്യു കാരവള്ളില്‍ (ന്യയോര്‍ക്ക്), ജോമി & രാജി സഖറിയാസ്, ഡേവി & ജോസഫ് വര്‍ഗീസ് (കൂപ്പര്‍ സിറ്റി) എന്നിവരാണ് വിവിധ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്. വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ 2006 ഫെബ്രുവരിയില്‍ ആരംഭിച്ച ഇടവക കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ദൈവീക പരിപാലനത്തില്‍ വളര്‍ന്നുവരുന്ന മാതൃകാ ഇടവകയാണ്.
സമര്‍പ്പണ ശുശ്രൂഷയിലൂടെ ഇടവകയെ സേവിക്കുന്ന വികാരി റവ.ഫാ. കുര്യാക്കോസ് പുതുപ്പാടിയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്താല്‍ സമീപകാലത്ത് സ്വന്തമായ ആരാധനാലയം വാങ്ങുവാന്‍ സാധിച്ചു. ഈ കെട്ടിടം ദേവാലയമായി രൂപപ്പെടുത്തുവാന്‍ ഭീമമായ തുക വേണ്ടിവരുന്നതിനാലാണ് സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും സഹായം ഒരിക്കല്‍ക്കൂടി ലഭ്യമാകുന്നതിനായി റാഫിള്‍ ടിക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇടവകയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭ സഹകരണം നല്‍കിയിട്ടുള്ള ഏവരുടേയം സഹായം ലഭിക്കുകവഴി റാഫിള്‍ ടിക്കറ്റ് വിജയകരമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോഗ്രാം കണ്‍വീനര്‍മാരായ ഡോ. ജോണ്‍ തോമസ് (ബ്ലസന്‍), ജോളി പൈലി എന്നിവര്‍ അഭിപ്രായപ്പെട്ടു. ഡീക്കന്‍ ജോഷ് തോമസ്, സെക്രട്ടറി ജോര്‍ജ് മാലിയില്‍, ജിനോ കുര്യാക്കോസ്, തോമസ് ജോര്‍ജ്, സൂസന്‍ ചെറിയാന്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഇടവകയ്‌ക്കുവേണ്ടി ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
Comments