You are Here : Home / USA News

യോങ്കേഴ്‌സില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ ഓണം ശ്രദ്ധേയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 28, 2013 10:49 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ (ഐ.എ.എം.സി.വൈ) 2013-ലെ ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌ ശനിയാഴ്‌ച മുന്‍ തീരുമാനപ്രകാരം 1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നാനാജാതി മതസ്ഥരുടെ ആഭിമുഖ്യത്തില്‍ കൊണ്ടാടി. വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം താലപ്പൊലിയേന്തിയ കന്യകമാരുടെ അകമ്പടിയോടെ മഹാബലിക്ക്‌ വരവേല്‍പ്‌ നല്‍കി. യോങ്കേഴ്‌സ്‌ പബ്ലിക്‌ സ്‌കൂള്‍ അദ്ധ്യാപകനും, ഐ.എ.എം.സി.വൈയുടെ വൈസ്‌ പ്രസിഡന്റുമായ ഷാജി തോമസ്‌ പരിപാടികളുടെ എം.സിയായിരുന്നു. പ്രശസ്‌ത ഇംഗ്ലീഷ്‌ ഗായിക നിഷാ തയ്യില്‍ അമേരിക്കന്‍ ദേശീയ ഗാനവും, പ്രസിദ്ധ ഗായകനായ ജോബി കിടാരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിക്കപ്പെട്ടു. ഐ.എ.എം.സി.വൈയുടെ പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂര്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലി മെമ്പര്‍ ഷെല്ലി മേയര്‍ ആയിരുന്നു മുഖ്യാതിഥി. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി സമൂഹത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങളെ മാനിച്ചുകൊണ്ട്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലിയുടെ ഔദ്യോഗിക അംഗീകാരപത്രം ഐ.എ.എം.സി.വൈയുടെ പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂരിന്‌ നല്‍കുകയുണ്ടായി.

 

യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി തങ്ങളുടെ സംസ്‌കാരം നിലനിര്‍ത്തുന്നതിനുവേണ്ടി ഓണം പോലുള്ള പരിപാടികള്‍ നടത്തി കലകളെ പ്രോത്സാഹിപ്പിക്കുന്നതിനെ അദ്ദേഹം മുക്തകണ്‌ഠം പ്രശംസിച്ചു. തുടര്‍ന്ന്‌ യോങ്കേഴ്‌സ്‌ സിറ്റി മജോറിറ്റി ലീഡര്‍ വില്‍സണ്‍ ടെറേറോ തന്റെ പ്രസംഗത്തില്‍ ഇത്തരത്തിലുള്ള പരിപടികള്‍ സംഘടിപ്പിച്ച്‌ ജനങ്ങളെ ഒരുമിച്ച്‌ നിര്‍ത്താന്‍ ശ്രമിക്കുന്നതിന്‌ ഭാരവാഹികളെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി യോങ്കേഴ്‌സ്‌ സിറ്റിക്കുവേണ്ടി ചെയ്യുന്ന സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്‌ യോങ്കേഴ്‌സ്‌ സിറ്റി മേയര്‍ നല്‍കിയ പ്രൊക്ലമേഷന്‍ അദ്ദേഹം സന്നിഹിതരായിരുന്നവരുടെ മുന്നില്‍ വായിക്കുകയും മേയറുടെ അംഗീകാരപത്രം സംഘടനാ പ്രസിഡന്റിന്‌ നല്‍കുകയും ചെയ്‌തു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിക്ക്‌ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. തുടര്‍ന്ന്‌ വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റിന്റെ പ്രസിഡന്റ്‌ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള ഓണസന്ദേശം നല്‍കി.

 

 

മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തി എന്നുള്ളത്‌ കെട്ടുകഥയാണെന്നും, മഹാബലിയെ സ്വര്‍ഗ്ഗത്തിലേക്ക്‌ കൊണ്ടുപോകുകയാണ്‌ ചെയ്‌തതെന്നും, ഓലക്കുട ചൂടി കുടവയറുള്ള മഹാബലി വെറും കലാകാരന്റെ ഭാവനയാണെന്നും, അരോഗദൃഢഗാത്രനായ ഒരു യോദ്ധാവ്‌ ആയിരുന്നു മഹാബലിയെന്നും അദ്ദേഹം പറഞ്ഞത്‌ സദസ്‌ ഒന്നടങ്കം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. പ്രശസ്‌ത നര്‍ത്തകി ലിസാ ജോസഫിന്റെ മേല്‍നോട്ടത്തിലുള്ള നാട്യമുദ്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ ടീമിലെ റുവന്യ മഹീന്ദ്രൂ, മോഗാനാ നടരാജ്‌, ദിയാ ശര്‍മ്മ, ബ്രിന്‍ഡാ റോയി എന്നിവര്‍ അവതരിപ്പിച്ച ശ്ശോക ഡാന്‍സും, ശാലിനി ജോമോന്‍, ജന്നാ സേവ്യര്‍, തേജശ്രീ വിജയകുമാര്‍, ധന്യാ വിനോദ്‌ എന്നിവര്‍ അവതരിപ്പിച്ച ദീപാഞ്‌ജലി ഭരതനാട്യം, പ്രിയാ ഏബ്രഹാം, നയനാ തോമസ്‌, ആഞ്‌ജലീന എണ്ണശേരില്‍, റെബേക്കാ പീറ്റര്‍, റേച്ചല്‍ പീറ്റര്‍, ആഷ്‌ലിന്‍ ജോബി, ജൂലിയാനാ ചെറു, റേബേക്കാ പ്രസാദ്‌ എന്നിവര്‍ അവതരിപ്പിച്ച ഇരുമയില്‍ ഭരതനാട്യം, മേഘാ ജോസഫ്‌, ഹേലിയാനാ പൗലോസ്‌ എന്നിവരുടെ ഫോക്‌ ഡാന്‍സും, പ്രശസ്‌ത പെറുവിയന്‍ ഡാന്‍സര്‍ സാമന്നാ ഡയസിന്റെ മാജിക്കല്‍ ഫ്യൂഷന്‍ ഡാന്‍സും കാണികളെ കോരിത്തരിപ്പിച്ചു. മറ്റ്‌ സംഘടനകളെ അപേക്ഷിച്ച്‌ വളരെ ചെറുതാണെങ്കിലും സംഘടനാ പ്രവര്‍ത്തനത്തില്‍ ഐ.എ.എം.സി.വൈ മറ്റ്‌ സംഘടനകള്‍ക്ക്‌ മാതൃകയാണെന്നുള്ളതിന്റെ തെളിവാണ്‌ യോങ്കേഴ്‌സിലേയും സമീപവാസികളേയും പങ്കെടുപ്പിച്ചുകൊണ്ട്‌ വിജയകരമായ രീതിയില്‍ ഓണാഘോഷപരിപാടി നടത്താന്‍ സംഘടനയ്‌ക്ക്‌ കഴിഞ്ഞത്‌ എന്നത്‌ എടുത്തുപറയേണ്ടതാണ്‌. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, ജസ്റ്റീഫ്‌ ഫോര്‍ ഓള്‍ എന്ന സംഘടനയുടെ ഡയറക്‌ടര്‍മാരായ ഫിലിപ്പ്‌ തോമസ്‌, രവീന്ദ്രന്‍ നാരായണന്‍, എലിസബത്ത്‌ ഫിലിപ്പ്‌ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത പ്രസ്‌തുത ഓണം മലയാളികളുടെ സ്‌നേഹത്തിന്റേയും കൂട്ടായ്‌മയുടേയും പ്രതീകമാണ്‌.

 

 

 

 

പരിപാടികളുടെ കോര്‍ഡനേറ്റര്‍ ഐ.എ.എം.സി.വൈയുടെ മുന്‍ പ്രസിഡന്റും, ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗവുമായ എം.കെ. മാത്യൂസ്‌ ആയിരുന്നു. മഹാബലിയായി വേഷമിട്ടത്‌ ജോയി ഫിലിപ്പ്‌ പുളിയനാല്‍ ആണ്‌. ഐ.എ.എം.സി.വൈ ജോയിന്റ്‌ സെക്രട്ടറി ആല്‍ഫ്രഡ്‌ തോമസ്‌ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.