ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ സെപ്തംബര്‍ 28 ശനിയാഴ്ച രാവിലെ പതിനൊന്നു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ന്യൂ സിറ്റിയിലുള്ള സ്ട്രീറ്റ് കമ്മ്യുണിറ്റി സെന്റെറില്‍ വച്ച് ഓണം ആഘോഷിച്ചു. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെയും ക്ഷണിക്കപ്പെട്ട അതിഥികളെയും ആദരപൂര്‍വ്വം വേദിയിലേക്ക് ആനയിച്ചു. മഹാബലിയുടെ സാന്നിധ്യത്തില്‍ അസോസിയേഷനിലെ വനിതകള്‍ അവതരിപ്പിച്ച കേരളീയ തനതു കലയായ തിരുവാതിര വളരെ ആകര്‍ഷകമായിരുന്നു. തുടര്‍ന്ന് സുജാ ജയകൃഷ്ണന്‍ അവതരിപ്പിച്ച മോഹിനിയാട്ടം എല്ലാവരുടെയും ഹൃദയം കവര്‍ന്നു. മാവേലിയുടെ വേഷമിട്ടത് ശ്രീ തമ്പി പനക്കല്‍ ആയിരുന്നു.
മുഖ്യാതിഥി ശ്രീ വിനോദ് കെയര്‍കെ, പ്രസിഡന്റ് ബോസ് കുരുവിള, സെക്രട്ടറി അലക്‌സ് പൊടിമണ്ണില്‍, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ഇന്നസെന്റ് ഉലഹന്നാന്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിദ്യാ ജ്യോതി മലയാളം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. അതിനു ശേഷം സെക്രട്ടറി അലക്‌സ് പൊടിമണ്ണില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയും പ്രസിഡന്റ് ബോസ് കുരുവിളയെ സദസ്സിനു പരിചയപ്പെടുത്തുകയും വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ബോസ് കുരുവിള എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഈ വര്‍ഷത്തെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മുഖ്യാതിഥിയായ പ്രശസ്ത അഭിഭാഷകനും സാമൂഹികസാംസ്‌ക്കാരികസാമുദായിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ വിനോദ് കെയാര്‍കെയെ സദസ്സിനു പരിചയപ്പെടുത്തിയത് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കേരള എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ശ്രീ ഫിലിപ്പോസ് ഫിലിപ്പ് ആയിരുന്നു. ശ്രീ വിനോദ് കെയാര്‍കെ, ഓണം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കുന്നത് പ്രവാസി മലയാളികള്‍ ആണെന്നും കേരളത്തില്‍ ഓണം ബിവറേജ് കോര്‍പ്പറേഷന്റെ മുന്നിലെ നീണ്ട നിരയില്‍ ഒതുങ്ങുന്നു എന്ന് പറഞ്ഞത് സദസ്സില്‍ ചിരി പരത്തി.
തുടര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്ടീ ചെയര്‍മാന്‍ ഇന്നസെന്റ് ഉലഹന്നാന്‍, ഫൊക്കാന എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഒലഹന്നാന്‍, പോള്‍ കറുകപ്പിള്ളില്‍, വിദ്യാ ജ്യോതി മലയാളം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ മറിയാമ്മ നൈനാന്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. സാന്ദ്രാ ജോജോ, മാളവിക പണിക്കര്‍, നിരോഷ തമ്പി, അലക്‌സ്, നൈനാ സുജിത് എന്നിവര്‍ നയനാനന്ദകരമായ നൃത്തങ്ങള്‍ അവതരിപ്പിച്ചു. അജിത് നായര്‍, സജി സ്‌കറിയ, മനോജ് അലക്‌സ്, അലീന മുണ്ടങ്കല്‍, നികിത മേനോന്‍ എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. അസോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ചീഫ് എഡിറ്റര്‍ ശ്രീ മത്തായി ചാക്കോ കേരള ജ്യോതി ഓണപ്പതിപ്പ് തയ്യാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളോട് നന്ദി അറിയിച്ചു. പ്രസിഡന്റ് ബോസ് കുരുവിള ഓണപ്പതിപ്പിന്റെ ഒരു കോപ്പി മുഖ്യാതിഥിയായ ശ്രീ വിനോദ് കെയാര്‍ക്കെക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
തുടര്‍ന്ന് ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പിക്‌നിക്ക് ദിനത്തില്‍ നടന്ന കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്കുകയുണ്ടായി. അലക്‌സ് എബ്രഹാമും ഷാജി വെട്ടവും ആയിരുന്നു പിക്‌നിക്ക് കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് വിദ്യാ ജ്യോതി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിച്ച മത്തായി പി ദാസ്, ടീച്ചേര്‍സ് ആയി പ്രവര്‍ത്തിച്ച മന്‍ജൂ മാത്യു, ജോജോ ജെയിംസ്, സിനു നൈനാന്‍ എന്നിവര്‍ക്കും ഫലകങ്ങള്‍ നല്‍കി ആദരിച്ചു. ജയപ്രകാശ് നായര്‍, അപ്പുക്കുട്ടന്‍ നായര്‍, ലൈസി അലക്‌സ്, ജെയിംസ് ഇളം പുരയിടത്തില്‍, തമ്പി പനക്കല്‍, മത്തായി ചാക്കോ എന്നിവര്‍ ഓണാഘോഷങ്ങളുടെ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. ലൈസി അലക്‌സും ജയപ്രകാശ് നായരും എം സി മാരായി പ്രവര്‍ത്തിച്ചു. സെക്രട്ടറി അലക്‌സ് പൊടിമണ്ണിലിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.
Comments