ഷിക്കാഗോ: കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാന സത്യങ്ങള്‍ നന്നായി മനസിലാക്കി, പരിശുദ്ധ കുര്‍ബാന, കുമ്പസാരം എന്നീ കൂദാശകളിലുള്ള അര്‍ത്ഥപൂര്‍ണ്ണമായ ഭാഗഭാഗിത്വത്തിലൂടെ വിശ്വാസ വര്‍ഷാചരണത്തിന്റെ ചൈതന്യം അനുദിന ജീവിതത്തില്‍ ശക്തിപ്പെടുത്തണമെന്ന് സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉത്‌ബോധിപ്പിച്ചു. തന്റെ രൂപതയിലെ വൈദീക സമ്മേളനം -2013 സെപ്‌റ്റംബര്‍ 23-ന് തിങ്കളാഴ്‌ച ടെക്‌നി ടവേഴ്‌സ് കോണ്‍ഫറന്‍സ് സെന്ററില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍, രൂപതയിലെ ദൈവജനത്തിന്റെ വിശ്വാസപരിശീലനത്തന് മുന്തിയ പരിഗണന നല്‍കണമെന്നും കരുതലുള്ള ഇടയന്മാരായി വര്‍ത്തിച്ചുകൊണ്ട് വൈദീകര്‍ തങ്ങളുടെ അജപാലനപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കണമെന്നും അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും സേവനം ചെയ്യുന്ന 41 വൈദീകര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സീറോ മലബാര്‍ മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് ദാനവേലില്‍ `വിശ്വാസ പരിശീലനം -സീറോ മലബാര്‍ സഭയില്‍' എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു. വിവിധ ഇടവകകളിലും മിഷനുകളിലുമായി നടക്കുന്ന വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങള്‍ രൂപതാതലത്തില്‍ ക്രോഡീകരിക്കുവാനും കാര്യക്ഷമമാക്കുവാനും ആവശ്യമായ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തു. അതിനായി രൂപതാതല വിശ്വാസ പരിശീലന കമ്മീഷന് കഴിവതും വേഗം രൂപം നല്‍കുമെന്ന് അഭിവന്ദ്യ പിതാവ് അറിയിച്ചു. സെപ്‌റ്റംബര്‍ 26-ന് വ്യാഴാഴ്‌ച ഉച്ചയോടെ സമ്മേളനം സമാപിച്ചു.
Comments