താമ്പാ (ഫ്ലോറിഡ): മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡാ (MACF) യുടെ ആഭിമുഖ്യത്തില്‍, സെപ്തംബര്‍ 14 ശനിയാഴ്ച, ബ്രാന്‍ഡനിലെ ക്നാനായ സെന്‍ട്രലില്‍ വെച്ച് നടത്തിയ വര്‍ണ്ണശബളമായ ഓണാഘോഷ വേളയില്‍, ഫൊക്കാന യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന, 'ജില്ലക്കൊരു കാല്‍' എന്ന ഏറ്റവും മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാഹരിച്ച 2000 ഡോളര്‍ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ജേക്കബ് മാണിപ്പറമ്പില്‍ ഫൊക്കാന ദേശീയ പ്രസിഡന്റ് ശ്രീമതി മറിയാമ്മ പിള്ളയ്ക്ക് കൈമാറി. കേരളത്തില്‍ പണത്തിന്റെ അഭാവം കൊണ്ട് യഥാസമയം ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്ന നിരവധി പേര്‍ക്ക് ഫൊക്കാന യുവജന വിഭാഗത്തിന്റെ ഇങ്ങനെയുള്ള കാരുണ്യപദ്ധതികള്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്ന് പ്രസിഡന്റ് മറിയാമ്മ പിള്ള പറഞ്ഞു.
ഇങ്ങനെയുള്ള സംഘടിത ശ്രമങ്ങള്‍ വഴി ഇനിയും നിരവധി പേര്‍ക്ക് ധനസഹായങ്ങള്‍ ചെയ്യുവാന്‍ കഴിയുമെന്നും ശ്രീമതി മറിയാമ്മ പിള്ള വ്യക്തമാക്കി. ഈ ഉദ്യമത്തിന് പിന്തുണ നല്‍കിയവര്‍ക്കും, ഈ മഹത്തായ സംരംഭം വിജയിപ്പിക്കുവാന്‍ സഹായിച്ച ഉദാരമനസ്കര്‍ക്കും ഫൊക്കാനയുടെ പേരില്‍ അകൈതവമായ നന്ദി അറിയിക്കുകയും, മേലിലും ഇത്തരം സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. പി.വി. ചെറിയാന്‍ (ഫൊക്കാന നാഷണല്‍ എക്സി. മെംബര്‍ ), സല്‍മോന്‍ മാത്യു (MACF പ്രസിഡന്റ്), സുരേഷ് നായര്‍ (MACF വൈസ് പ്രസിഡന്റ്), സ്റ്റീഫന്‍ ലൂക്കോസ് (മുന്‍ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ്), പ്രൊഫ. മധുസൂദനന്‍ നായര്‍ (കവി), ജോര്‍ജ് കോരത് (മുന്‍ ഫൊക്കന പ്രസിഡന്റ്) തുടങ്ങിയവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
Comments