ഓസ്റ്റിന്‍: സെന്റ് അല്‍ഫോന്‍സാ കാത്തലിക് മിഷന്റെ പതിമൂന്നാമത് ഓണം സെപ്‌റ്റംബര്‍ 21-ന് ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. നാലു വൈദീരും ഒരു കന്യാസ്‌ത്രീയും നിരവധി വിശിഷ്‌ട വ്യക്തികളും പങ്കെടുത്ത ഓണാഘോഷം പരമ്പരാഗത രീതിയില്‍ അതിമനോഹരവും പ്രൗഢഗംഭീരവുമായിരുന്നു. വനിതകളുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും ശേഖരിച്ചുകൊണ്ടുവന്ന മനോഹരമായ പൂക്കള്‍കൊണ്ട് തീര്‍ത്ത പൂക്കളം ഈവര്‍ഷത്തെ ഒരു വിസ്‌മയമായിരുന്നു. ഓണക്കോടി ഉടുത്ത വനിതകള്‍ താലപ്പൊലിയുമേന്തി മുത്തുക്കുടകളുടേയും കത്തിച്ച ഏഴുതിരി വിളക്കുകളുടേയും അകമ്പടിയോടെ എല്ലാവരുടേയും നെറ്റിയില്‍ ചന്ദനം ചാര്‍ത്തി വര്‍ണ്ണശബളമായി അലങ്കരിച്ച ഹാളിലേക്ക് സ്വാഗതം ചെയ്‌തു. തുടര്‍ന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയില്‍ ഇരുനൂറിലധികം പേര്‍ പങ്കെടുത്തു. വാഴയിലയില്‍ പരമ്പരാഗത രീതിയില്‍ ഓണസദ്യ വിളമ്പിയത് ഓണക്കോടിയുടുത്ത വനിതകളും, യുവാക്കളുമായിരുന്നു. ഗൃഹാതുരത്വം നിറഞ്ഞുനിന്ന സദസില്‍ കേരളീയരുടെ സ്വന്തം ഓണം ആസ്വദിക്കാന്‍ നിരവധി നാട്ടുകാരും എത്തിച്ചേര്‍ന്നിരുന്നു. ഈ ആഘോഷവേളയെ ധന്യമാക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവരേയും ഡയറക്‌ടര്‍ ഫാ. ഡൊമിനിക് പെരുനിലം സ്വാഗതം ചെയ്‌തു. മുന്‍ ഡയറക്‌ടര്‍ ഫാ. ജോസ് വരിക്കമാക്കല്‍, ഫാ. പയസ് മാത്യു, ഫാ. സാം മാത്യു, സിസ്റ്റര്‍ അനിറ്റ് പോട്ടയ്‌ക്കല്‍ തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികളുടെ സാന്നിധ്യം ഓണത്തിന്റെമാറ്റുകൂട്ടി. ആഢംബര പ്രൗഡിയോടെ ഒരു കൊച്ചുകേരളം തീര്‍ത്ത പ്രവാസികള്‍ക്ക് അവിസ്‌മരണീയമായ ഓണക്കാഴ്‌ച ഒരുക്കി നടത്തിയ വിവിധ കലാപരിപാടികളില്‍ നിതിന്‍ തോമസിന്റെ ചെണ്ടമേളവും, അജിത് വര്‍ഗീസിന്റെ ഓണപ്പാട്ടുകളും വളരെ ശ്രദ്ധേയമായി. എല്ലാവരും അണിനിരന്ന ഫോട്ടോ ഈവര്‍ഷത്തെ പ്രത്യേകതയായിരുന്നു. പ്രസിഡന്റ് ജോര്‍ജ് തോമസ് ഓണാഘോഷം അവിസ്‌മരണീയമാക്കുവാന്‍ സഹകരിച്ച കമ്മിറ്റി അംഗങ്ങള്‍ക്കും, ഇടവകാംഗങ്ങള്‍ക്കും നന്ദിയും ഓണാശംസകളും നേര്‍ന്നു. സണ്ണി തോമസ് (ഓസ്റ്റിന്‍) അറിയിച്ചതാണിത്.
Comments