ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന മലങ്കര മാര്‍ത്തോമ്മാ സഭയുടെ കുന്നംകുളം മലബാര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌ക്കോപ്പായ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷന്‍ അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്തായുടെ ആസ്ഥനമായി ഹൂസ്റ്റന്‍ അരമനയില്‍ ഊഷ്മള സ്വീകരണം നല്‍കി. തിങ്കളാഴ്ച രാവിലെ അരമനയില്‍ എത്തിച്ചേര്‍ന്ന സ്‌തേഫാനോസ് തിരുമേനിയെ യൗസേബിയസ് മെത്രാപ്പോലീത്തായും, ഭദ്രാസന ഓഫീസ് മാനേജര്‍ റവ.ഫാ. വര്‍ഗീസ് തോമസ്, മെത്രാപ്പോലീത്തായുടെ സെക്രട്ടറി റവ.ഫാ.ഷോണ്‍ മാത്യൂ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നാളുകളായി ഇരുസഭകളും പുലര്‍ത്തിവരുന്ന സുദൃഢബന്ധം ഇരുവരും പങ്കുവച്ചു. മാര്‍ത്തോമ്മാ സഭയിലെ ഏറ്റവും പുതിയ ബിഷപ്പുമാരില്‍ ഒരാളായ ഗ്രിഗോറിയോസ് തിരുമേനിയുടെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ തന്നെ ഓര്‍ത്തഡോക്‌സ് ഭദ്രാസന ആസ്ഥാനം സന്ദര്‍ശിച്ചതിന് മെത്രാപ്പോലീത്താ പ്രത്യേക നന്ദി അറിയിച്ചു. ഉത്തരകേരളത്തിലെ അവികസിത മേഖലയായ മലബാര്‍ മേഖലയിലെ വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രിഗോറിയോസ് തിരുമേനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും ഭദ്രാസന മെത്രാപ്പോലീത്ത ആശംസിച്ചു. അമേരിക്കയിലെ എക്യുമെനിക്കല്‍ പ്രവര്‍ത്തന മേഖലയില്‍ ഓര്‍ത്തഡോക്‌സ് സഭയും, ഭദ്രാസനവും നിര്‍വഹിയ്ക്കുന്ന സേവനങ്ങളെ ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് പ്രകീര്‍ത്തിച്ചു. ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജു മാത്യൂ, മാര്‍ത്തോമ്മാ യൂത്ത് ചാപ്ലയിനും, ഇന്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിററി ഓഫ് ഹൂസ്റ്റണ്‍റെ പ്രസിഡന്റുമായ റവ. റോയി ഏബ്രഹാം തോമസും എപ്പിസ്‌ക്കോപ്പായുടെ സംഘത്തിലുണ്ടായിരുന്നു.
Comments