ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ പള്ളിയിലെ എസ് എം സി സി ലോക്കല്‍ ചാപ്‌റ്റര്‍ സെപ്‌റ്റംബര്‍ 29 ഞായറാഴ്‌ച്ച നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പൊതുജനങ്ങള്‍ക്ക് വളരെ പ്രയോജനം ചെയ്‌തു. രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം മൂന്നുമണിവരെ സീറോമലബാര്‍ പള്ളിയുടെ ആഡിറ്റോറിയത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ഉല്‍ഘാടനം ചെയ്‌തു. ക്യാമ്പില്‍ സീറോമലബാര്‍ ഇടവകാംഗങ്ങളായ 7 ഡോക്ടര്‍മാരും ഒരു ഫിസിഷ്യന്‍ അസിസ്റ്റന്റും പങ്കെടുത്തു. ഇന്റേണല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഡെന്റിസ്‌ട്രി, പെയിന്‍ മാനേജ്‌മെന്റ്,ജീറിയാട്രിക്‌സ്, കാര്‍ഡിയോളജി എന്നീ വൈദ്യശാസ്‌ത്രശാഖകളെ പ്രതിനിധീകരിച്ച് ഡോ. വിനോദ് ചാക്കോ എം.ഡി.; ഡോ. മേഴ്‌സി ചിറയത്ത് എം. ഡി.; ഡോ. ജയ്‌സണ്‍ ജോസ് ഡി.ഒ.; ഡോ. ശാന്തി ജോസ് എം.ഡി.; ഡോ. ഷെറി ജോസ് എം. ഡി.; ഡോ. സക്കറിയാസ് ജോസഫ് ഡി.ഡി.എസ്.; ഡോ. അന്റോണിയാ സോജന്‍ എം. ഡി.; പ്രീതി ആന്റണി പി. എ. എന്നിവര്‍ പങ്കെടുത്ത് ആവശ്യമായ ചികില്‍സാനിര്‍ദ്ദേശങ്ങള്‍ നല്‍കി. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ബ്ലഡ് പ്രഷര്‍, ബ്ലഡ് ഗ്ലൂക്കോസ്, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ നിര്‍ണയിക്കുന്നതിനുള്ള സൗകര്യവും പ്രൈവറ്റായി ആരോഗ്യസംബന്ധമായ കൗണ്‍സലിംഗ് ലഭിക്കുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിരുന്നു. ഡോക്‌ടര്‍മാരെ കൂടാതെ വിദഗ്‌ധരായ നേഴ്‌സുമാരുടെ സേവനവും ക്യാമ്പില്‍ ലഭ്യമായിരുന്നു. ധാരാളം ആള്‍ക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി. പ്രായവ്യത്യാസമനുസരിച്ച് ചെയ്യേണ്ട വൈദ്യപരിശോധനകള്‍, രോഗനിര്‍ണയത്തിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റുകള്‍, രോഗനിവാരണത്തിനുള്ള മുന്‍കരുതലുകള്‍, രോഗനിര്‍മ്മാര്‍ജനത്തിനുള്ള ചികില്‍സാക്രമങ്ങള്‍, പ്രത്യേക അസുഖങ്ങള്‍ക്കുള്ള പോഷകാഹാരക്രമീകരണം, ആരോഗ്യപരിരക്ഷണത്തിനുള്ള വ്യായാമമുറകള്‍, രോഗപ്രതിരോധമാര്‍ഗങ്ങള്‍, വേദന നിവാരണം എന്നിങ്ങനെ വൈദ്യശാസ്‌ത്രവിഷയങ്ങളെ സംബന്ധിച്ചുള്ള സൗജന്യ ഉപദേശങ്ങളും വിദഗ്‌ധ ഡോക്ടര്‍മാരില്‍നിന്നും ലഭ്യമായിരുന്നു. എസ് എം സി സി ചാപ്‌റ്റര്‍ ഭാരവാഹികളായ സാബു ജോസഫ് സി. പി. എ. (പ്രസിഡന്റ്), ജോര്‍ജ് പനക്കല്‍ (സെക്രട്ടറി), ടോമി അഗസ്റ്റിന്‍ (ട്രഷറര്‍), ജോയി കരുമത്തി, ജോസഫ് കൊട്ടുകാപ്പള്ളി, ജോസ് മാത്യു, ജോസ് പാലത്തിങ്കല്‍, ജോസ് മാളേയ്‌ക്കല്‍, ആലീസ് ആറ്റുപുറം, ട്രീസാ ജോണ്‍, മോഡി ജേക്കബ്, ഷീബാ ടോമി, ജോര്‍ജ് മാത്യു, ആനിയമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ ക്യാമ്പിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തു. ഫിലാഡല്‍ഫിയ ക്രൂസ്‌ടൗണ്‍ ഫാര്‍മസി മാനേജരും, ഫാര്‍മസിസ്റ്റുമായ ദേവസി വറീദ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായി.
Comments