ഒഹായൊ : 1947 മുതല്‍ ഒഹായൊ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റില്‍ ഉള്‍പ്പെട്ട ജാക്‌സണ്‍ മിസില്‍ സ്‌ക്കൂള്‍ ചുവരില്‍ തൂങ്ങികിടക്കുന്ന ജീസ്സസ്സിന്റെ പെയ്ന്റിങ്ങ് എടുത്തുമാറ്റുന്നതിനും നഷ്ടപരിഹാരമായി 95,000 ഡോളര്‍ അമേരിക്കന്‍ സിവില്‍ ലീബര്‍ട്ടീസ് യൂണിയനും നല്‍കുവാന് ഒഹായൊ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് അധികൃതര്‍ ധാരണയായി. വിവിധ മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌ക്കൂളില്‍ ഇത്തരം ഒരു പെയ്ന്റിങ്ങ് പ്രദര്‍ശിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും, ഇതു നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വിസ്‌കോണ്‍സില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ഒഹായോ ഡിസ്ട്രിക്റ്റ് കോര്‍ട്ടില്‍ കേസ്സ് ഫയല്‍ ചെയ്തിരുന്നു. പബ്ലിക്ക് സ്‌ക്കൂളില്‍ ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നത് മറ്റു മതങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വികാരത്തെ വൃണപ്പെടുത്തുമെന്ന വാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏപ്രിലില്‍ പെയ്ന്റിങ്ങ് എടുത്തുമാറ്റാന്‍ സമ്മതിച്ചിരുന്നു. അവസാന വിധി വരുന്നതിന് ഇനിയും കാലതാമസം വരുമെന്നതിനാല്‍ സ്‌ക്കൂള്‍ അധികൃതരും, പരാതിക്കാരും ഒക്‌ടോബര്‍ 4ന് ഒരു ധാരണയില്‍ എത്തുകയായിരുന്നു. ഇനിയും നികുതിദായകരുടെ പണം കേസ്സ് നടത്തുന്നതിന് ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഫില്‍ ഹൊവാര്‍ഡ് പറഞ്ഞു. പരാതിക്കാര്‍ക്ക് കേസ്സിന് ചിലവായ 95,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും പെയ്ന്റിങ്ങ് സ്ഥിരമായി എടുത്തുമാററുന്നതിനും തീരുമാനിക്കുകയായിരുന്നു. ജീസ്സസിന്റെ പെയിന്റിങ്ങ് എടുത്തുമാറ്റുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വര്‍ഷങ്ങളായി പൊതുസ്ഥലങ്ങളിലും, സഥാപനങ്ങളിലും ഉണ്ടായിരുന്ന ഇത്തരം ചിത്രങ്ങള്‍ ഓരോന്നായി നീക്കം ചെയ്തുവരികയാണ്.
Comments