ന്യൂയോര്‍ക്ക്: വിശ്വാസത്തില്‍ ഉറച്ചുനിന്ന് നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടത്തിയിട്ടുള്ളതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കോരസണ്‍ വര്‍ഗീസ്, പോള്‍ കറുകപ്പള്ളില്‍, തോമസ് രാജന്‍, പി.ഐ. ജോയി എന്നിവര്‍ പ്രസ്‌താവിച്ചു. കോലഞ്ചേരിയിലെ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ആരാധന തുടരുവാനുള്ള അവകാശം നല്‍കിയത് നിരന്തരമായ നീതിക്കുവേണ്ടിയുള്ള മുറവിളിയുടെ പ്രതിഫലനമായി കാണണം. ദേവാലയത്തില്‍ വിശ്വാസികള്‍ കടന്നുവന്ന് ആരാധനയില്‍ പങ്കുകൊള്ളുന്നതിനു യാതൊരു തടസവുമില്ല ഇപ്പോഴും. ഇത് അധികാര-അവകാശ തര്‍ക്കമായി കാണരുത്. ഒരേ വിശ്വാസത്തില്‍, ഒരേ ബന്ധത്തില്‍ ആരാധിച്ചിരുന്നവര്‍ ഒരേ ദേവാലയത്തില്‍ തുടര്‍ന്നും പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. കോടതിവിധികള്‍ മാനിക്കപ്പെടണം. അത് നടപ്പിലാക്കുന്നതിനെ തടസപ്പെടുത്തുന്നത് മനുഷ്യ സംസ്‌കാരത്തിനു ചേര്‍ന്നതല്ല.
നീതിക്കുവേണ്ടി പോരാടുവാനാണ് നിയമ സംവിധാനങ്ങളും, വിശ്വാസ ആചാരങ്ങളും നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്. അമേരിക്കയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത് മനുഷ്യ സഹജമാണെന്നും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളെ തുരങ്കംവെച്ച് അക്രമ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തികച്ചും അപമാനകരമാണെന്നും പരി. കാതോലിക്കാ ബാവ പ്രസ്‌താവിച്ചു.
Comments