താമ്പാ: മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം വര്‍ണ്ണശബളമായ പരിപാടികളോടെയും, വിഭവസമൃദ്ധമായ ഓണസദ്യയോടുംകൂടി ആഘോഷിച്ചു. ഉച്ചയ്‌ക്ക് 12 മണിക്ക് 21-ല്‍ അധികം വിഭവങ്ങളോടുകൂടിയ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. ഓണസദ്യയ്‌ക്കിടയില്‍ താമ്പായിലെ ഗായകരുടെ ഗാനാലാപനം സദസിന് ഉണര്‍വ് പകര്‍ന്നു. ചെണ്ടമേളവും കാവടിയും പുലിക്കളിയും താലപ്പൊലിയുമുള്‍പ്പെടുന്ന ഘോഷയാത്രയോടെ മഹാബലിയേയും വിശിഷ്‌ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു. പ്രശസ്‌ത മലയാള കവി പ്രൊഫ. മധുസൂദനന്‍ നായര്‍ വിശിഷ്‌ടാതിഥിയായ ചടങ്ങില്‍ എഫ്.ഐ.എ പ്രസിഡന്റ് ഡോ. റാവു എമാണ്ടി, ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളതുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് സാല്‍മോന്‍ മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഫ്‌ളോറിഡയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ അകമഴിഞ്ഞ പിന്തുണയെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു. തുടര്‍ന്ന് മുഖ്യ പ്രഭാഷണം നടത്തിയ മധുസൂദനന്‍ നായര്‍ മലയാള ഭാഷ നമ്മുടെ വരുംതലമുറയ്‌ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു. മലയാളം പോലെ താളമുള്ള ഒരു ഭാഷ ലോകത്തിലില്ലെന്ന കാര്യം അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. ഡോ. റാവു എമാണ്ടി, മറിയാമ്മ പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജയിംസ് ഇല്ലിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ വെച്ച് യാക്കോബായ സഭയുടെ കമാന്‍ഡര്‍ പദവി ലഭിച്ച ജോര്‍ജ് കോരതിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ഫൊക്കാനാ കണ്‍വെന്‍ഷന്റെ കിക്ക്‌ഓഫ് നടത്തുകയും ചെയ്‌തു. എം.എ.സി.എഫ് സെക്രട്ടറി ഷാജു ഔസേഫ് നന്ദി പറഞ്ഞു. തുടര്‍ന്ന് മൂന്നു മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. പരിപാടികള്‍ക്ക് സാല്‍മോന്‍ മാത്യു, സുരേഷ് നായര്‍, ഷാജു ഔസേഫ്, മാത്യു മഠത്തിലേട്ട്, ബാബു പോള്‍, മേരി മാധവത്ത്, അഞ്‌ജനാ ഉണ്ണികൃഷ്‌ണന്‍, മാര്‍ട്ടിന്‍ വര്‍ക്കി, ഏബ്രഹാം ചാക്കോ, ഷെറിന്‍ മഠത്തിലേട്ട്, ചാര്‍ലി ജോണ്‍, ബെന്നി വഞ്ചിപ്പുരയ്‌ക്കല്‍, ഫാദര്‍ സിറില്‍ ഡേവി, റയാന്‍ തെക്കനാട്ട് തുടങ്ങിയ ബോര്‍ഡ് അംഗങ്ങളും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ജയിംസ് ഇല്ലിക്കല്‍, പി.വി. ചെറിയാന്‍, സജി കരിമ്പന്നൂര്‍ പീറ്റര്‍ കോരത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments