ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരത്തോടെ വാര്‍ത്തകളുടെ കൃത്യത കുറയുന്നുണ്ട്. അതിവേഗം വാര്‍ത്തകള്‍ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ മത്സരിക്കുകയാണ് മാധ്യമങ്ങള്‍.സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് ചിലപ്പോഴെങ്കിലും തങ്ങളാഗ്രഹിക്കുന്ന വാര്‍ത്തകള്‍ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ ഇതുമൂലം സാധിക്കുന്നുണ്ടാവാം. ചില്ലു കൂട്ടിനകത്ത് അടച്ചിരിക്കുന്ന എഡിറ്റര്‍ ടെലിവിഷനില്ല. ഓരോ വാര്‍ത്താ അവതാരകനും റിപ്പോര്‍ട്ടറും എഡിറ്റര്‍മാരാണ്. വാര്‍ത്തയുടെ ഭാഗമാവുന്നവര്‍ക്കുള്ള ഉത്തരവാദിത്വം വലുതാണ്. ഓരോ വാര്‍ത്തയും സ്വയം എഡിറ്റു ചെയ്ത് കൃത്യതയോടെ കൊടുക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മീഡിയ വ്യാപകമായതോടെ ചെയ്യുന്ന നന്മയും തിന്മയും അപോഴപ്പോഴറിയാന്‍, പ്രേക്ഷകന്റെ മനസ്സറിയാന്‍ ഞങ്ങളെപോലുള്ളവര്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ടു തെറ്റ് തിരുത്താന്‍ കഴിയുന്നു. മാധ്യമപ്രവര്‍ത്തനം എന്ന് പറയുന്നത് ഒരു തൊഴില്‍ തന്നെയാണ്. എങ്കിലും പലപ്പോഴും വാര്‍ത്തകളില്‍ മുങ്ങികുളിച്ചുകൊണ്ടുതന്നെയാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. പലതരം വാര്‍ത്തകള്‍ മാറിമറിഞ്ഞു വരുമ്പോള്‍ വേണ്ടി വരുന്ന ബാലന്‍സിംഗ് വളരെ പ്രധാനമാണ്. കാരണം എല്ലാ വാര്‍ത്തകളെയും ഒരു പോലെയല്ലല്ലോ സ്വീകരിക്കേണ്ടത്.
24 മണിക്കുറും വാര്‍ത്തകളുടെ പുറകെയാണ് എന്ന് പറയുന്നത് അതിശയോക്തിയല്ല. പലപ്പോഴും നേരത്തോടു നേരം ഇരുന്നു വാര്‍ത്തകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതൊരു ത്രില്‍ ആണ്. ഇത്തരത്തില്‍ ആസ്വദിച്ചു ചെയ്യാന്‍ പറ്റുന്ന തൊഴിലുകള്‍ വേറെയുണ്ടാകുമോ എന്ന് പോലും സംശയമാണ്. മാധ്യമസ്ഥാപനങ്ങള്‍ വ്യവസായ സ്ഥാപനങ്ങളും കൂടിയാണ്. അതുകൊണ്ടു ലാഭമുണ്ടാക്കാന്‍ കൂടി അവ നിര്‍ബന്ധിതരാണ്. പ്രേക്ഷകന്റെ അഭിരുചിയെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം പരസ്യവരുമാനം നിലനിര്‍ത്തുക എന്നത് കൂടി പ്രധാനമാണ്. അതുകൊണ്ടു റെറ്റിങ്ങിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കേണ്ടതുണ്ട്. അതുകൊണ്ടാവാം പലപ്പോഴും കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ക്കു കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടി വരുന്നത്. വാര്‍ത്താധിഷ്ടിത പരിപാടികളുടെ ഗൌരവം ചോര്‍ന്നു പോകുന്നു എന്ന് ചിലര്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ ഗൌരവമുള്ള വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്. എല്ലാ മാധ്യമങ്ങളും കയ്യടക്കി വച്ചിരുന്ന ഇടം ടെലിവിഷന്‍ ഒറ്റയ്ക്ക് കയ്യടക്കുന്ന കാഴ്ചയും കണ്ടു തുടങ്ങിയിരിക്കുന്നു. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തേണ്ടി വരുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. സിനിമകളെ സംബന്ധിച്ച നിരവധി പ്രോഗ്രാമുകള്‍ ഇന്ന് ടിവിയിലുണ്ട്.
വരാന്‍ പോകുന്ന കാലഘട്ടങ്ങളില്‍ ഓരോ പ്രത്യേക മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ചാനലുകള്‍ക്ക് പ്രാധാന്യം കൂടി വരും. രാഷ്ട്രീയവാര്‍ത്തകള്‍ക്ക് എല്ലാക്കാലത്തും പ്രേക്ഷകരുണ്ടാവും. മാധ്യമസുഹൃത്തുക്കള്‍ എന്നൊന്ന് ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ഇല്ലാതായിരിക്കുന്നു. കാരണം ഇന്ന് രാഷ്ട്രീയക്കാര്‍ക്കറിയാം എത്ര വലിയ സുഹൃത്താണെങ്കിലും വാര്‍ത്ത! കിട്ടിയാല്‍ ഉപയോഗിക്കും എന്ന്. അല്ലെങ്കില്‍ തീവ്രമത്സരത്തിന്റെ കാലഘട്ടത്തില്‍ ഒരു വാര്‍ത്തയും മാറ്റി വക്കാന്‍ കഴിയില്ല. എന്നാല്‍ രാഷ്ട്രീയപ്രക്രിയയെ സ്വാധീനിക്കാനെ മാധ്യമങ്ങള്‍ക്ക് കഴിയുന്നുള്ളൂ. തീരുമാനങ്ങളെടുക്കുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണ്. എനിക്ക് ഇന്ത്യ പ്രസ്സ് ക്ലബ് അവാര്‍ഡു തന്നത് മുല്ലപ്പെരിയാര്‍ വാര്‍ത്ത! റിപ്പോര്‍ട്ട് ചെയ്തതിനാണ്. അതിലെനിക്ക് യഥാര്‍ത്ഥത്തില്‍ സന്തോഷമുണ്ട്. നിരവധി മനുഷ്യര്‍ ജീവനു വേണ്ടി സമരം ചെയ്യുന്ന വീഥിയില്‍ നിന്നും ഞാന്‍ 3 മണിക്കൂര്‍ ലൈവ് പ്രോഗ്രാം ചെയ്തു. ആ നാടിന്റെ നീറുന്ന വേദന ജനങ്ങളിലെക്കെത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. അത് അവാര്‍ഡു കമ്മറ്റി തിരിച്ചറിഞ്ഞു എന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നു.ഞാന്‍ നിയമം പഠിച്ചത് എനിക്ക് ഇത്തരം റിപ്പോര്‍ട്ടിങ്ങിനു വളരെ ഗുണം ചെയ്തിട്ടുണ്ട്.
Comments