ബിജു ചെറിയാന്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പാശ്ചാത്യസംസ്‌കാരത്തില്‍ സങ്കീര്‍ണമായ ജീവിത പരിതസ്ഥിതിയെ അഭിമുഖീകരിക്കുന്നതിനും, വിവിധ പ്രശ്‌നങ്ങളിലൂടെ മാനസീക പിരിമുറുക്കവും പ്രയാസവും അഭിമുഖീകരിക്കുന്നവര്‍ക്ക് ആശ്വാസവും സമാധാനവും ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തില്‍ `ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റല്‍ കെയര്‍ സര്‍വീസിന്' തുടക്കംകുറിച്ചു. പുതുതായി ആരംഭിച്ച പാസ്റ്ററല്‍ കെയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രഥമ ഡയറക്‌ടറായി ആര്‍ച്ച് ഡയോസിസിലെ സീനിയര്‍ വൈദീകനും, നാലു പതിറ്റാണ്ടായി പാസ്റ്ററല്‍ കൗണ്‍സില്‍ മേഖലയിലെ സജീവ സാന്നിധ്യവുമായ വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയെ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമേനി നിയമിച്ചുകൊണ്ട് കല്‍പ്പന പുറപ്പെടുവിച്ചു.
പ്രശസ്‌തരായ മനശാസ്‌ത്രജ്ഞരേയും, തത്തുല്യമേഖലയില്‍ ഉന്നത വിദ്യാഭ്യാസം ആര്‍ജിച്ചിട്ടുള്ള പ്രശസ്‌ത വ്യക്തികളേയും ഉള്‍പ്പെടുത്തി ഭദ്രാസനാടിസ്ഥാനത്തില്‍ വിപുലമായ പ്രവര്‍ത്തനം നടത്തുവാനാണ് പാസ്റ്ററല്‍ കെയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇദംപ്രഥമമായി ലക്ഷ്യമിടുന്നതെന്ന് വന്ദ്യ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ അറിയിച്ചു. സാമൂഹിക ജീവിതത്തിന്റെ പ്രധാന കണ്ണിയായ കുടുംബ ബന്ധങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെ ലാഘവത്തോടെ നേരിടുന്നതിന് കുടുംബാംഗങ്ങള്‍ക്കാവശ്യമായ നിര്‍ദേശം നല്‍കുക, വൈദീകരേയും അത്മായരേയും ലക്ഷ്യമിട്ട് വിവിധ ക്ലാസുകള്‍- ചര്‍ച്ചകള്‍ എന്നിവ നടത്തുക തുടങ്ങിയവയും ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളിലുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. പാസ്റ്ററല്‍ കെയര്‍ സര്‍വീസിന് തുടക്കംകുറിച്ചുകൊണ്ട് ഡാളസിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ വെച്ച് നടന്ന ഫാമിലി കോണ്‍ഫറന്‍സില്‍ `Depression, An Untold Truth' എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാര്‍ നടത്തുകയുണ്ടായി.
ഡയറക്‌ടര്‍ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ മോഡറേറ്ററായിരുന്നു. ഉയര്‍ന്ന അക്കാഡമിക്- വൈദീക ബിരുദധാരിയായ പ്രഥമ ഡയറക്‌ടര്‍ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ അമേരിക്കയിലെ റോച്ചസ്റ്റര്‍ കോള്‍ഗേറ്റ് ഡിവിനിറ്റി കേന്ദ്രത്തില്‍ നിന്നും കൗണ്‍സിലിംഗില്‍ ഉപരിപഠനം, ആതുരശുശ്രൂഷാകേന്ദ്ര ചാപ്ലെയിന്‍ പരിശീലനം എന്നിവ നേടിയിട്ടുണ്ട്. ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ചാപ്ലെയിന്‍, അമേരിക്കയിലെ നോര്‍ത്ത് കരോലിന ബാപ്‌റ്റിസ്റ്റ് ഹോസ്‌പിറ്റല്‍, വിന്‍സ്റ്റന്‍ സാലോം, വാര്‍ഡന്‍ ബില്‍റ്റ് ഹോസ്‌പിറ്റല്‍ നാഷ്‌വില്‍, ബാള്‍ട്ടിമോര്‍ സ്‌പ്രിംഗ് ഗ്രോവ് സൈക്യാട്രിക് ഹോസ്‌പിറ്റല്‍ എന്നിവടങ്ങളില്‍ ചാപ്ലെയിന്‍- കൗണ്‍സിലര്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. 35 വര്‍ഷം മാര്യേജ് ആന്‍ഡ് ഫൗമിലി കൗണ്‍സിലര്‍ എന്ന നിലയില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. നിരവധി തവണ മലങ്കര ആര്‍ച്ച് ഡയോസിസ് ഭദ്രാസന സെക്രട്ടറി, ക്ലര്‍ജി അസോസിയേഷന്‍ സെക്രട്ടറി, കൗണ്‍സില്‍ അംഗം എന്നീ ചുമതലകള്‍ നിര്‍വഹിച്ചിട്ടുള്ള അദ്ദേഹം ബാള്‍ട്ടിമോര്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി സ്ഥാപക വികാരിയാണ്. ശ്രീമതി ആനി കടവിലാണ് സഹധര്‍മ്മിണി. ഡോ. ജോണ്‍ കടവില്‍ പുത്രനാണ്.
Comments