ന്യൂയോര്‍ക്ക് : യേശുക്രിസ്തുവിന്റെ മനുഷ്യസ്‌നേഹവും അനുകമ്പയും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വിശുദ്ധനാണ് സെന്റ് വിന്‍സെന്റ് ഡിപോള്‍ എന്ന് സീറോ മലങ്കര ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ്. ക്രിസ്ത്യാനികളുടെ മുഖമുദ്ര സഹജീവികളോടുള്ള അനുകമ്പയാണ്. മറ്റുള്ളവരോട് സ്‌നേഹവും കരുണയും പ്രകടിപ്പിക്കുന്നില്ലെങ്കില്‍ നമ്മള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ആകുന്നില്ലെന്നും മാര്‍ യൗസേബിയോസ് പറഞ്ഞു. ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവായത്തിലെ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു മാര്‍ യൗസേബിയോസ്. മലയിലെ പ്രസംഗം കോള്‍ക്കാന്‍ തടിച്ചു കൂടിയ ജനത്തിന്, യേശു അപ്പം വര്‍ദ്ധിപ്പിച്ച് നല്‍കിയത്, വിശക്കുന്നവരോടുള്ള കര്‍ത്താവിന്റെ അനുകമ്പ കൊണ്ടാണ്.
ഈ അനുകമ്പയാണ് പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ വിന്‍സെന്റ് ഡിപോളിന് പ്രചോദനം നല്‍കിയത്. ബ്രോങ്ക്‌സ് ദേവായത്തിലെ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി കേരളത്തിലെ പാവങ്ങള്‍ക്കിടയിലും, രോഗികള്‍ക്കിടയിലും നടത്തിവരുന്ന സേവനങ്ങളെ മാര്‍ യൗസേബിയോസ് പ്രശംസിച്ചു. പാവങ്ങളോട് എന്നും സ്‌നേഹവും കരുണയും ഉള്ളവരായിരിക്കാന്‍ വിശ്വാസികളെ പിതാവ് ഉപദേശിച്ചു. വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, സദസിന് മാര്‍ യൗസേബിയോസിനെ പരിചയപ്പെടുത്തുകയും , ഉദ്ഘാടനത്തിനായി ക്ഷണിക്കുകയും ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. റോയിസന്‍ മേനോലിക്കന്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. സെക്രട്ടറി ഡോ. ബിജി പുളിമൂട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ മാത്തച്ചന്‍ പൂതപ്പള്ളി ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് ജോസഫ് പടിഞ്ഞാറേക്കുളം സ്വാഗതവും , കോര്‍ഡിനേറ്റര്‍ ജോഷി തെള്ളിയാങ്കല്‍ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
Comments