You are Here : Home / USA News

ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : എഫ്‌സിസി ചാമ്പ്യന്മാര്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, October 10, 2013 10:41 hrs UTC

ഡാലസ്: ഡാലസില്‍ നടന്ന രണ്ടാമത് ടെക്‌സാസ് കപ്പ് ഓപ്പണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ ഫുട്ട്‌ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍ (എഫ്‌സിസി ), ഡാലസ് ജേതാക്കളായി. ടെക്‌സാസിലെ പ്രമുഖ സോക്കര്‍ ടീമുകളായ ഡാലസ് ഡയനാമോസിനെയും ഹ്യൂസ്റ്റണ്‍ സ്‌െ്രെടക്കേഴിസ്‌നേയും യഥാക്രമം സെമിയിലും, ഫൈനലിലും തകര്‍ത്താണ് എഫ്‌സിസി ഡാലസ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്. ഡാലസ് ഡയനാമോസ് റണ്ണേഴ്‌സ് അപ്പ് കിരീടം നേടി. ഹൂസ്ടന്‍ സ്‌ട്രൈക്കേഴ്‌സ് , എഫ്‌സിസി ഇന്റര്‍ എന്നിവരാണ് സെമിയിലെത്തി പുറത്തായ മറ്റു രണ്ടു ടീമുകള്‍. എഫ്‌സിസിയുടെ ക്യാപ്ടനും അസിസ്റ്റന്റ് കോച്ചുമായ മനോജ് പൌലോസ് മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി നേടി. ബെഞ്ചമിന്‍ ജോര്‍ജ് (സ്‌ട്രൈക്കര്‍, എഫ്‌സിസി ) ഏഴു ഗോള്‍ സ്‌കോര്‍ ചെയ്തു ടൂര്‍ണമെന്റിലെ കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് ട്രോഫി നേടി. മികച്ച ഡിഫന്‍ഡര്‍ അനില്‍ ജേക്കബ് (ഡാലസ് ഡയനാമോസ്) , മികച്ച ഗോളി പ്രദീപ് ഫിലിപ്പ് (എഫ്‌സിസി ) എന്നിവരും മികച്ച പ്രകടനത്തിനുള്ള മറ്റു വ്യക്തിഗത ട്രോഫികള്‍ സ്വന്തമാക്കി. വാശിയേറിയ ഫൈനലില്‍ ഡയനാമോസിനെ 3 2 നാണ് എഫ്‌സിസി തകര്‍ത്തത്. കളിയുടെ നിശ്ചിതസമയത്ത് ഇരുടീമുകളും 2 2 സമനില പാലിച്ചു. തുടര്‍ന്ന് അധികസമയത്തിന്റെ ആദ്യപകുതിയില്‍ പെനാല്‍റ്റി ബോക്‌സിനു പുറത്തു ലഭിച്ച ഫ്രീകിക്ക് ക്യാപ്ടന്‍ മനോജ് ഗോളാക്കിയതോടെ എഫ്‌സിസി ലീഡ് നേടി വിജയത്തിലേക്ക് കുതിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ടീം ഗെയിമാണ് എഫ്‌സിസി പുറത്തെടുത്തത്.

 

 

റ്റിജോ, ജോബ്, ഡിംപു, ഗ്രെഗ് എന്നിവര്‍ തീര്‍ത്ത മികച്ച പ്രതിരോധം ഭേദിക്കാന്‍ മറ്റു ടീമുകള്‍ നന്നേ വിയര്‍പ്പൊഴുക്കിയപ്പോള്‍ മധ്യനിരയില്‍ മനോജ്, രവി എന്നിവരും മുന്‍നിരയില്‍ ബെഞ്ചമിനും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. പ്രദീപ് ഗോള്‍വലയം കാത്തും ടീമിന്റെ രക്ഷകനായി. ഒക്ടോബര്‍ 4, 5 തീയതികളില്‍ ദി കോളനി, ടര്‍ണര്‍ സോക്കര്‍ കോപ്ലെക്‌സിലായിരുന്നു എഫ്‌സി കരോള്‍ട്ടന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് വാര്‍ഷിക ടൂര്‍ണമെന്റു നടന്നത്. ടൂര്‍ണമെന്റില്‍ ഡാലസ് , ഹ്യൂസ്റ്റന്‍, ഒക്ലഹോമ തുടങ്ങിയ നഗരങ്ങലില്‍ നിന്നായി ഒന്‍പതു ടീമുകള്‍ പങ്കെടുത്തു. കായിക പ്രേമികളുടെ സഹകരണവും പങ്കെടുത്ത ടീമുകളുടെ ഉജ്വല പ്രകടനവും ടൂര്‍ണമെന്റ് വന്‍ വിജയമാക്കി. ടൂര്‍ണമെന്റ് സമാപനത്തില്‍ ട്രോഫിദാന സമ്മേളനം നടന്നു. എഫ്‌സിസി പ്രസിഡന്റ് വര്‍ഗീസ് തോമസ് , ജോജോ കോട്ടക്കല്‍ , ലെനി തോമസ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി ദാനം നിര്‍വഹിച്ചു. ജോജോ കോട്ടക്കല്‍ (ജോജോ കാര്‍ സര്‍വീസ് ) ടൂര്‍ണമെന്റ് ഗ്രാന്റ് സ്‌പോണ്‍സര്‍ ആയിരുന്നു. ഡോ. സുധ തോമസ് , മോര്‍ണിംഗ് സ്റ്റാര്‍ പീഡിയാട്രിക്‌സ് ,വിനോദ് ചാക്കോ (ബീം റിയാലിറ്റി) എന്നിവര്‍ യഥാക്രമം വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുളള ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്തു. വര്‍ഗീസ് തോമസ് (പ്രസിഡന്റ് ) , പ്രദീപ് ഫിലിപ്പ് (സെക്രട്ടറി), ബിനോയ് മാലിയേല്‍, (ട്രഷറര്‍), സഞ്ജു നൈനാന്‍, മന്‌ജേഷ് ചാക്കോ, ലിനോയ് ജോയ് (ഹെഡ് കോച്ച് ), മനോജ് പൗലോസ് എന്നിവരായിരുന്നു വിജയകരമായി സമാപിച്ച ടൂര്‍ണമെന്റിന്റെ കമ്മറ്റി നേതൃത്വം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.