അമേരിക്കന്‍ മലയാളികളുടെ ദേശീയ സാംസ്‌ക്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) പ്രവര്‍ത്തന ശൃംഘലയിലേക്ക് ഒരു കണ്ണികൂടി കൂട്ടിച്ചേര്‍ത്തു. ഡെലവേര്‍ മലയാളി അസ്സോസിയേഷന്‍ (ഡെല്‍മ) ഫോമയുടെ അന്‍പത്തിനാലാമത് അംഗ സംഘടനയായി അംഗീകരിക്കപ്പെട്ടതോടെ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായതിന്റെ തെളിവാണെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാകുകയും, ഒരു ഉപസ്തംഭം പോലെ നിലകൊള്ളുകയും ചെയ്തുവന്ന ഡെല്‍മ, ദേശീയ സംഘടനയായ ഫോമായില്‍ അംഗത്വം നേടിയത് അംഗീകാരത്തിന്റെ നാഴികക്കല്ലാണെന്ന് ഫോമ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പറഞ്ഞു.
ഡെല്‍മയുടെ കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തന പരിപാടികളില്‍ ഫോമാ നേതാക്കളായ ജോര്‍ജ് മാത്യു, ബേബി ഊരാളില്‍, അനിയന്‍ ജോര്‍ജ് എന്നിവരെ ക്ഷണിക്കുകയും അവരെ ആദരിക്കുകയും ചെയ്തത് ഫോമയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ദൃഷ്ടാന്തമാണെന്ന് ജോര്‍ജ് മാത്യു പ്രസ്താവിച്ചു. ഡെല്‍മാ പ്രസിഡന്റ് മോഹന്‍ ഷേണോയ്, സെക്രട്ടറി ജയ്‌സണ്‍ സെബാസ്റ്റ്യന്‍, ട്രഷറര്‍ മനോജ് വര്‍ഗീസ്, മുന്‍ പ്രസിഡന്റ് സക്കറിയ കുര്യന്‍ എന്നിവര്‍ ഫോമ നാഷണല്‍ കമ്മിറ്റി അംഗവും, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റുമായ സണ്ണി എബ്രഹാമിന് ഫോമ അംഗത്വ ഫോറവും ചെക്കും നല്‍കി. ഡെല്‍മാ നേതാക്കളായ ബോബി മാത്യു, ജോസ് ഔസേഫ്, ആന്റോ ജോസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Comments