ഹൂസ്റ്റണ്‍: ``സങ്കുചിത താല്‍പര്യങ്ങള്‍ ഇല്ലാത്ത മാധ്യമങ്ങള്‍ മുഖം നോക്കാതെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷപാതമില്ലാതെ, സംഭവങ്ങള്‍ നേരില്‍ കണ്ട് അവ വായനക്കാരില്‍ എത്തിക്കുമ്പോള്‍ തന്നെയും അവരുടെ മുഖം നാം യഥാര്‍ഥത്തില്‍ കാണുന്നുണ്ട്. ആ അദൃശ്യമുഖങ്ങളുടെ ജീവിത ദുഃഖങ്ങളുടെയും ആലംബരഹിതമായ കണ്ണീരിന്റെയും വില തിരിച്ചറിഞ്ഞ് അശരണരെ ആവുംവിധം സഹായിക്കുകയെന്നത് നമ്മുടെ ജീവിത ദൗത്യമായി ഞാന്‍ കാണുന്നു''- ആഴ്‌ചവട്ടത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷവേദിയില്‍ പത്രം ഏറ്റെടുത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച ഫാ. റോയി വര്‍ഗീസ് പറഞ്ഞു.
അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തില്‍ വിവിധങ്ങളായ ജനകീയ വിഷയങ്ങള്‍ കര്‍മ്മഭൂമിയിലും ജന്മഭൂമിയിലും ശിരസാ വഹിച്ചുകൊണ്ട് മാധ്യമ ധര്‍മ്മം നിര്‍വഹിക്കുന്ന ആഴ്‌ചവട്ടത്തെ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, വാര്‍ഷികാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത് ആശംസിച്ചു.
ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ് കാക്കനാട്ട് ചടങ്ങില്‍ സ്വാഗതമാശംസിച്ചു. പബ്ലിഷര്‍ സാലി കാക്കനാട്ട് പകര്‍ന്ന ദീപം കെന്‍ മാത്യു, മിസോറിസിറ്റി കൗണ്‍സില്‍മാന്‍ റോബിന്‍ ഇലക്കാട്ട്, ഫാ. ജോബ് കല്ലുവിളയില്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് ജി. കെ.പിള്ള, ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്‍.എസ്.എസ്. പ്രസിഡന്റ് ഹരിഹരന്‍ നായര്‍, റൈറ്റേഴ്‌സ് ഫോറം ചെയര്‍മാനും പ്രമുഖ സാഹിത്യകാരനുമായ മാത്യു നെല്ലിക്കുന്ന്, ഹൂസ്റ്റണ്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജോര്‍ജ് കൊളാച്ചേരില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏഴു തിരിയിട്ട നിലവിളക്കിലേക്ക് പകര്‍ന്നു. ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ സെക്രട്ടറി അനില്‍ ആറന്മുള, സൗഹൃദസന്ധ്യയുടെ വേദിയില്‍ വാക്കുകളുടെ ദീപശിഖയായി.
ആഘോഷ പരിപാടിയില്‍ സഹജീവി സ്‌നേഹത്തിന്റെ വിളംബരമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നുപിള്ള, എബ്രഹാം മാത്യൂസ്, ഷിജിമോന്‍ ഇഞ്ചനാട്ട് എന്നിവര്‍ സംഭാവനയുടെ ചെക്കുകള്‍ നല്‌കിക്കൊണ്ടാണ് തുടക്കം കുറിച്ചത്. ഫാ. ജോണ്‍ എസ്. പുത്തന്‍വിളയില്‍ ആശീര്‍വാദത്തിന്റെ നറുമലര്‍ ചൊരിഞ്ഞു. സൗത്ത് ഇന്ത്യന്‍ യു. എ.സ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുഴുവന്‍ ഭാരവാഹികളും പിറന്നാള്‍ ഭാവുകങ്ങള്‍ നേര്‍ന്നു.
ഈശ്വരന്‍ തെറ്റു ചെയ്‌താലും അത് മനുഷ്യ മനസാക്ഷിയോടെ റിപ്പോര്‍ട്ട് ചെയ്യണം എന്ന സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ വാക്കുകളാണ് പക്ഷപാതമില്ലാതെ ജനകീയപ്രശ്‌നങ്ങള്‍ അമേരിക്കന്‍ മലയാളികളിലെത്തിക്കുവാന്‍ തങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതെന്ന് ഡോ. ജോര്‍ജ് കാക്കനാട്ട് പറഞ്ഞു. മാധ്യമധര്‍മ്മത്തിലൂന്നിക്കൊണ്ട് നേരിന്റെ നേര്‍ക്കാഴ്‌ചയായി, നെറികേടുകള്‍ക്കെതിരെ പൊരുതാന്‍ ആഴ്‌ചവട്ടത്തിന്റെ ഉത്തമ സുഹൃത്തുക്കളായി അമേരിക്കന്‍ മലയാളികള്‍ പൊതുബോധത്തോടെ കൈകോര്‍ക്കണമെന്ന് ജോര്‍ജ് കാക്കനാട്ട് അഭ്യര്‍ഥിച്ചു.
പൊതുസമ്മേളനത്തിന് സമാപനം കുറിച്ച് ആഴ്‌ചവട്ടത്തിന്റെ ഓണസമ്മാനമായി കലാഭവന്‍ ജയന്റെ നേതൃത്വത്തില്‍ ഓണനിലാവ് എന്ന സംഗീത നൃത്തവിരുന്ന് അവതരിപ്പിക്കപ്പെട്ടു.
Comments