ജോസ് കുമ്പിളുവേലില്‍
കൊളോണ്‍ : കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഞ്ചാമത് ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. ഒന്നാം സ്ഥാനം നേടിയ ലെവര്‍കുസനിലെ ജോസ്, അച്ചാമ്മ മറ്റത്തില്‍ ദമ്പതികള്‍ കര്‍ഷകശ്രീ പട്ടം കരസ്ഥമാക്കി. നോര്‍വനിഷിലെ ജെയിംസ്, റോസമ്മ കാര്യാമഠം ദമ്പതികളാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. നൊയസിലെ മേരി ക്രീഗര്‍ ജൂറിയുടെ പ്രത്യേക അവാര്‍ഡിന് അര്‍ഹയായി. സമാജത്തിന്റെ 30 മത് വാര്‍ഷികാഘോഷ വേളയില്‍ ജേതാക്കള്‍ക്ക് ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും ചെന്നൈ ജര്‍മന്‍ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ. ഗുന്തര്‍ ക്വേണിംഗ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊളോണ്‍ വെസ്സ്‌ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.
ഫലനിര്‍ണയത്തില്‍ മലയാളികളുടെയും മലയാളികളെ വിവാഹം കഴിച്ച ജര്‍മനിക്കാരുടെയും ചെറുഅടുക്കളത്തോട്ടങ്ങളാണ് മത്സരത്തിനായി പരിഗണിച്ചത്. മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്ക് മുന്‍കൂട്ടി നല്‍കിയ സമയത്തിന്റെ അടിസ്ഥാനത്തില്‍ അടുക്കളത്തോട്ടത്തില്‍ ജൂറി അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. നോയ്‌സ്, ഡ്യൂസല്‍ഡോര്‍ഫ്, ബോണ്‍ , ലെവര്‍കുസന്‍ , നോര്‍വനിഷ്, കൊളോണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചെറിയതോട്ടങ്ങളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സമാജം ഭരണസമിതി അംഗങ്ങളെയും കുടുംബാംഗങ്ങളെയും മല്‍സരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറും കര്‍ഷകനുമായ ജര്‍മന്‍കാരന്‍ യുര്‍ഗന്‍ ഹൈനെമാന്‍ നേതൃത്വം നല്‍കിയ അഞ്ചംഗ സമിതിയാണ് വിധിനിര്‍ണയം നടത്തിയത്. ലില്ലി ചക്യാത്ത്, പീറ്റര്‍ സീഗ്‌ലര്‍ , പോള്‍ ചിറയത്ത്, ജോസ് പുതുശേരി എന്നിവരായിരുന്നു മറ്റുസമിതിയംഗങ്ങള്‍ .
ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍ ), പോള്‍ ചിറയത്ത്(വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബേബിച്ചന്‍ കലെത്തുംമുറിയില്‍ (സ്‌പോര്‍ട് സെക്രട്ടറി), സെബാസ്റ്റ്യന്‍ കോയിക്കര (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് സമാജത്തിന്റെ മറ്റു ഭാരവാഹികള്‍ .
Comments