മസ്‌കിറ്റ് : ജന്മനാടായ കേരളത്തില്‍ വിജയദശമി ആഘോഷങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ ഏഴാം കടലിനക്കരെ ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ സാഹിത്യനായകന്മാരും, മലയാള ഭാഷാ സ്‌നേഹികളും കേരള ലിറ്ററി സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്ന് വിദ്യാരംഭ ചടങ്ങ് സംഘടിപ്പിചത് ശ്രദ്ധേയമായി. കെ.എല്‍.എസ്സിന്റെ ആദ്യാകഷരം കുറിക്കല്‍ ചടങ്ങ് തുടര്‍ച്ചയായി അഞ്ചാംവര്‍ഷമാണ് മസ്‌കിറ്റിലുള്ള ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യക്കേഷന്‍ സെന്റില്‍ സംഘടിപ്പിക്കപ്പെടുന്നത്. ഒക്‌ടോബര്‍ 13 ഞായറാഴ്ച്ച 4 മണിക്ക് ആരംഭിച്ച ചടങ്ങുകള്‍ക്ക് ഡോ.എം.എസ്.ടി. നമ്പൂതിരി, എബ്രഹാം തോമസ്, എബ്രഹാം തെക്കേമുറി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിറപറയും, നിലവിളക്കും, വെറ്റിലയും, നസ്രാണിയും നിരത്തിയ പുല്‍പായയില്‍ ഇരുന്ന് സാഹിത്യനായന്മാര്‍ കുരുന്നുകളുടെ വിരലുകള്‍ കൊണ്ട് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന അരിയില്‍ മലയാളത്തിലെ ആദ്യാക്ഷരമായ അ, ആ എന്നീ അക്ഷരങ്ങള്‍ എഴുതിയപ്പോള്‍ ചൊല്ലികൊടുത്ത അതേ അക്ഷരങ്ങള്‍ കുരുന്നുകളുടെ അധരങ്ങളില്‍ നിന്നും അടര്‍ന്നു വീണത്.
സദസ്യര്‍ക്ക് നവ്യാനുഭവമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കെ.എല്‍.എസ്. സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിന് ഡാളസ്സിലെ മലയാളികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണമാണ് ഈ വര്‍ഷവും ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുവാന്‍ കേരള ലിറ്റററി സൊസൈറ്റിക്ക് പ്രേരണ നല്‍കിയതെന്ന് പ്രസിഡന്റ് എബ്രഹാം തെക്കേമുറി നേരത്തെ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി ജോസന്‍ ജോര്‍ജ്ജ് കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും, ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. അവിലും മലരും കല്‍കണ്ഠവും ആസ്വദിച്ചാണ് ചടങ്ങിന് എത്തിചേര്‍ന്നവര്‍ പിരിഞ്ഞു പോയത്.
Comments