ഡാലസ് : കത്തോലിക്കാ സഭ വിശ്വാസവര്‍ഷം ആചരിക്കുന്നത്തിന്റെ ഭാഗമായി പരിശുദ്ധ മാതാവിനോടുള പ്രത്യേകം വണക്കം നടത്തുന്ന ഒക്ടോബര്‍ മാസത്തില്‍ ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ നിന്നും മാതാവ് പ്രക്ത്യക്ഷപെട്ട പ്രസിദ്ധമായ മെക്‌സിക്കോയിലെ ഗ്വാദലൂപേയിലേക്ക് തീര്‍ഥാടനം നടത്തി. ലോകത്തിലെ ഏറ്റവും പേരുകേട്ട മരിയന്‍ തീര്‍ത്ഥകേന്ദ്രങ്ങളില്‍ ഒന്നാണ് മെക്‌സിക്കോനഗരത്തിലെ ഗ്വാദലൂപേ മാതാവിന്റെ ബസിലിക്കാ. ഫ്രാന്‍സിലെ ലൂര്‍ദിനു സമാനമായ ലാറ്റിനമേരിക്കയിലെ പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രമാണിത്. 1531ലാണ് ഹുവാന്‍ ഡിയേഗോ എന്ന കര്‍ഷകന് ലാറ്റിനമെരിക്കയിലെ ഗ്വാദലൂപേ എന്ന സ്ഥലത്ത് മാതാവിന്റെ ദര്‍ശനമുണ്ടായത്. സ്‌പെയിനിലും അതിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലും മാതാവിന്റെ അമലോത്ഭവത്തിരുനാളായി ആചരിക്കപ്പെടുന്ന ഡിസംബറിലെ പ്രഭാതത്തില്‍ തന്റെ ഗ്രാമത്തില്‍ നിന്ന് മെക്‌സിക്കോ നഗരിയിലേക്ക് യാത്രചെയ്യുമ്പോഴാണ് ഹുവാന്‍ ഡിയേഗോയ്ക്ക് മാതാവിന്റെ ദര്‍ശനമുണ്ടായത്.
പ്രാദേശികമായ നവ്വാട്ടില്‍ ഭാഷയില്‍ ഹുവാനോടു സംസാരിച്ച വിശുദ്ധ മാതാവ് തന്റെ വണക്കത്തിനായി ആ സ്ഥലത്ത് ഒരു ദേവാലയം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. ഇടവകവികാരി ഫാ.ജോജി കണിയാംപടിയുടെ നേതൃത്വത്തിലാണ് ഇടവകയിലെ 45 വിശ്വാസികള്‍ തീര്‍ത്ഥയാത്ര നടത്തിയത്. വിശ്വാസികള്‍ക്ക് ആത്മീയ നിറവും ഉണര്‍വും അനുഭവേദ്യമാക്കുന്നതായിരുന്നു അഞ്ചു ദിവസത്തെ പുണ്യയാത്ര. ഗ്വാദലൂപേയിലെ ന്യൂബസലിക്ക പള്ളിയും ഗ്വാദലൂപേയിലെ മാതാവിന്റെ ഗ്രോട്ടോയും വിശുദ്ധ ഹുവാനറെ ഭവനവും അംഗങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥനകള്‍ നടത്തി. പുരാതനവും ചരിത്രപ്രധാനവും ലോകത്തിലെ തന്നെ വലിയ സിറ്റികളിലൊന്നുമായ മെക്‌സിക്കോ നഗരവും അംഗങ്ങള്‍ സന്ദര്‍ശിച്ചു. മെക്‌സിക്കോയിലെ കത്തീ ഡ്രല്‍ മേട്രോപോളിറ്റന്‍ പള്ളിയിലും വിശ്വാസികള്‍ സന്ദര്‍ശിച്ചു വി. കുര്‍ബാനയര്‍പ്പണം നടത്തി. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ പള്ളിയാണിത്.
Comments