ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി ബില്‍ ഡെബ്ളാസിയോയ്ക്ക് പൗരസ്വീകരണം നല്‍കി. ഒക്ടോബര്‍ 4 ന് വൈകിട്ട് 7 മണിക്ക് പാം ക്വാത്ര, എറിക്ക് കുമാര്‍ , ബാബി കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റിച്ച്മോണ്ട് ഹില്ലിലുള്ള റിച്ചി റിച്ച് റെസ്റ്റൊറന്റില്‍ കൂടിയ യോഗത്തില്‍ 150- ലധികം ആളുകള്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഫൊക്കാന ട്രസ്റ്റിബോര്‍ഡ് മെമ്പര്‍ ലീലാ മാരേട്ട് പങ്കെടുത്തു. സെപ്റ്റംബര്‍ 10 -നു നടന്ന പ്രൈമറി ഇലക്ഷനില്‍ 40 ശതമാനത്തിലധികം വോട്ടുകള്‍ കരസ്ഥമാക്കി തന്റെ എതിര്‍ സ്ഥാനാര്‍ത്ഥികളായ ബില്‍ തോംസണ്‍ , ക്രിസ്റ്റി ഖ്വിന്‍, ജോണ്‍ ലൂ, ആന്തണി വീനര്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം കരസ്ഥമാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജോ ലോറ്റയാണ് അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. നിലവില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ 59 ശതമാനം അധികം വോട്ടുകള്‍ നേടി പോളിങ്ങുകളിലെല്ലാം അദ്ദേമാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളിലായി റിപ്പബ്ലിക്കന്‍ മേയറന്മാര്‍ ആയിരുന്നു ന്യൂയോര്‍ക്ക് സിറ്റിയെ ഭരിച്ചിരുന്നത്. ഇദ്ദേഹത്തില്‍ കൂടി അതിനൊരു മാറ്റമുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍ .
ഇന്‍ഡ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ന്യൂയോര്‍ക്ക് സിറ്റിക്കും, സമൂഹത്തിനും ചെയ്യുന്ന നന്മകളെയും, സഹായങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. കൂടാതെ ദുര്‍ഭരണം മൂലം ഉളവായിട്ടുള്ള പാഴ്ച്ചെലവുകള്‍ അവസാനിപ്പിക്കുമെന്നും, സിറ്റിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലുകള്‍ തിരികെക്കൊണ്ടുവന്ന് തൊഴില്‍ മേഖലെയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നീതിയ്ക്കുവേണ്ടി ഏതറ്റംവരെ പോകാനും താന്‍ തയ്യാറാണെന്ന് ബ്രൂക്കിലിന്‍ ഹോസ്പിറ്റല്‍ അടയ്ക്കുന്നതിനെതിരെ നടത്തിയ സമരത്തില്‍ അറസ്റ്റ് വരിച്ചിട്ടുള്ള വ്യക്തികൂടിയായ ബില്‍ പ്രഖ്യാപിച്ചു. മലയാളികള്‍ അടക്കം ധാരാളം ഇന്‍ഡ്യാക്കാര്‍ ജോലിചെയ്യുന്ന സിറ്റിയിലെ തൊഴിലാളികളുടെ കരാറുകള്‍ അവസാനിച്ചിട്ട് മൂന്നു വര്‍ഷത്തിലേറെയായി. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനാവശ്യമായ കരാര്‍ അദ്ദേഹം മേയര്‍ ആയാല്‍ ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ചടങ്ങില്‍ പാം ക്വാത്ര, എറിക്ക് കുമാര്‍ , ബാബി കുമാര്‍ , ലീലാ മാരേട്ട് എന്നിവര്‍ പ്രസംഗിച്ചു. എല്ലാവരും അദ്ദേഹത്തിന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കുകയും ചെയ്തു.
Comments