You are Here : Home / USA News

ആറു വര്‍ഷം പിന്നിട്ടിട്ടും സജീവമായി തുടരുന്നപാട്രിക് സ്മരണകള്‍

Text Size  

Story Dated: Wednesday, June 05, 2019 12:48 hrs UTC

പി പി ചെറിയാന്‍
 
ഡാലസ്:  അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണകള്‍ ആറു വര്‍ഷം പിന്നിട്ടിട്ടും സജീവമാകുന്നു,എന്നാല്‍ ആ സ്മരണ നിലനിര്‍ത്തുന്നതിനു നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് ഇന്നും പാതിവഴിയില്‍ തന്നെ.
 
നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കൂട്ടുക്കാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂണ്‍ 4 നാണ് പാട്രിക്കിനെ മരണം തട്ടിയെടുത്തത്. 2004 ല്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എന്‍ജീനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്സസ് ഇന്‍സ്ട്രുമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു അധികം താമസിയാതെയാണ് മരണമടഞ്ഞത്.
മലയാളികളായ ചെറിയാന്‍ ജെസ്സി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോര്‍ട്സിലും അതീവ സമര്‍ത്ഥനായിരുന്നു. കോളജ് വിദ്യാഭ്യാസത്തിനിടെ, സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, യുറ്റിഡി സ്റ്റുഡന്റ് അംബാസിഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ തലങ്ങളില്‍ പ്രവര്‍ത്തനനിരതനായിരുന്നു.
ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗമായിരുന്ന പാട്രിക്ക് ഡാലസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നല്‍കുന്നതില്‍ മുന്‍ പന്തിയിലായിരുന്നു.മാര്‍ത്തോമ സഭക്കുവേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ചു ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്നും അതു പാട്രിക് മിഷന്‍ പ്രോജക്ടിന്റെ ഭാഗമായിരിക്കുമെന്നും 2014 ല്‍ ഭദ്രാസന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തില്‍ ഭദ്രാസന എപ്പിസ്‌കോപ്പയാണ് പ്രഖ്യാപിച്ചത്. 
പാട്രിക്കിന്റെ ഒന്നാം ചരമ വാര്‍ഷികദിനമായ ജൂണ്‍ നാലിന് ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ പുതിയ കെട്ടിടത്തിന്റെ കൂദാശ നിര്‍വ്വഹിക്കുന്നതിനുമായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്.ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 2,20,000 ഡോളര്‍ ചില വഴിച്ചു രണ്ടു ഘട്ടങ്ങളായി പണിപൂര്‍ത്തികരിക്കാനായിരുന്നു പദ്ധതി. 
patrick3
ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് തെയോഡോഷ്യസിന്റെ കാലാവധി പൂര്‍ത്തിയാക്കിയിട്ടും പണി ആരംഭിക്കുവാന്‍ കഴിയാതിരുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക്ക് മാര്‍ ഫിലക്സിനോസ് 2016 ഓഗസ്റ്റ് 13 ന് ഗ്രൗണ്ട് ബ്രേക്കിങ്ങ് സെറിമണിയോടെ ആരംഭിച്ചു. ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളര്‍ ചിലവഴിച്ചു പൂര്‍ത്തിയാക്കിയതിന്റെ കൂദാശാകര്‍മ്മം 2017 ജൂണ്‍ 8 ന് എപ്പിസ്‌കോപ്പാ നിര്‍വ്വഹിച്ചു. ഇപ്പോള്‍ രണ്ടുവര്‍ഷം കൂടി കടന്നു പോയിരിക്കുന്നു. 
പദ്ധതിക്കായി നീക്കി വച്ചിരിക്കുന്ന തുക പ്രോജക്ടിന്റെ ആരംഭത്തില്‍ എന്‍ഡോവ്മെന്റ് ഫണ്ടായി മാറ്റി. ഇതില്‍ നിന്നും നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. എല്ലാ വര്‍ഷവും നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പാട്രിക്കിന്റെ സ്മരണ നിലനിര്‍ത്തുമെന്നും അഭിപ്രായം ഉയരുന്നു. ഭദ്രാസന എപ്പിസ്‌കോപ്പാ ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ചു ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിടത്തു തന്നെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമോ, അതോ പ്രോജക്ടിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയുന്നതിനു സഭാ ജനങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഭദ്രാസന സഭാ നേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷന്‍ പ്രോജക്റ്റ് പോലെ തന്നെ ഹൂസ്റ്റണ്‍ പ്രോപ്പര്‍ട്ടി, മെക്‌സിക്കോമിഷന്‍ തുടങ്ങിയ പലപദ്ധതികളും പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്തിയോ? ഇനിയും പുതിയതായി ഏറ്റെടുക്കുന്ന പ്രൊജെക്ടുകള്‍കും ഇതേ ഗതി തന്നെ ഉണ്ടാകുമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.
 
ബ്രോക്കന്‍ ബോയില്‍ ഇത്രയും തുക ചിലവഴിച്ചു പൂര്‍ത്തീകരിച്ച കെട്ടിടം രണ്ടു വര്‍ഷത്തിനുള്ളില്‍ എത്രതവണ ഉപയോഗിക്കേണ്ടി വന്നുവെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനി രണ്ടാം ഘട്ട നിര്‍മ്മാണത്തിന് പണം ചിലവഴിക്കുന്നതെന്തിന്നാണെന്നാണ് ദീര്‍ഘ വീക്ഷണമുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യം. എപ്പിസ്‌കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. പദ്ധതിക്കായി ഇനിയും നീക്കി വച്ചിരിക്കുന്ന തുക പ്രോജക്ടിന്റെ ആരംഭത്തില്‍തന്നെ പലരും ചൂണ്ടികാട്ടിയിരുന്നതുപോലെ ഒരു എന്‍ഡോവ്മെന്റ് ഫണ്ടായി മാറ്റി. ഇതില്‍ നിന്നും നിര്‍ധനരായ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. എല്ലാ വര്‍ഷവും നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പാട്രിക്കിന്റെ സ്മരണ നിലനിര്‍ത്തുമെന്നും അഭിപ്രായം ഉയരുന്നു. ഭദ്രാസന എപ്പിസ്‌കോപ്പാ ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ചു ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.