You are Here : Home / USA News

കുടിയേറ്റക്കാരുടെ ആദ്യബസ് ഡാലസിലേയ്ക്ക്- (ഏബ്രഹാം തോമസ്)

Text Size  

Story Dated: Thursday, June 06, 2019 02:45 hrs UTC

ഏബ്രഹാം തോമസ്
 
കുടിയേറ്റക്കാരാല്‍ നിറഞ്ഞ് കവിയുന്ന ടെക്‌സസിലെ അല്‍പാസോയില്‍ നിന്ന് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരത്തിലേയ്ക്ക് കുടിയേറ്റക്കാര്‍ നിറഞ്ഞ ആദ്യബസ് ഈയാഴ്ച എത്തും. ഡാലസിലെത്തുന്ന ഏകദേശം അന്‍പത്തിയഞ്ച് കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുവാന്‍ ഓക്ക്‌ലോണ്‍ യുണൈറ്റഡ് മെതേഡിസ്റ്റ് ചര്‍ച്ച് ഒരുങ്ങികഴിഞ്ഞു എന്ന് താങ്ക്‌സ് ഗിവിംഗ് ഫൗണ്ടേഷന്റെ പ്രസിഡന്റും സിഇഓയുമായ കൈല്‍ ഓഗ്ഡന്‍ അറിയിച്ചു. അവര്‍ ഒരു ദിവസം അവിടെ കഴിയും. അവര്‍ക്ക് ഭക്ഷണവും ആരോഗ്യസംരക്ഷണ സൗകര്യങ്ങളും നല്‍കിയതിന് ശേഷം രാത്രി കഴിക്കുവാനായി മറ്റൊരിടത്തേയ്ക്ക് മാറ്റും.
ഇതാദ്യമായാണ് സ്വകാര്യ ധനസഹായത്താല്‍ സാന്റാ ഫേ, ന്യൂമെക്‌സിക്കോ ആസ്ഥാനമായ അല്‍പാസോ ഷെല്‍ട്ടര്‍ അനണ്‍സിയേഷന്‍ ഹൗസ് കുടിയേറ്റക്കാരെ നേരിട്ട് ഡാലസിലേയ്ക്ക് കൊണ്ട് വരുന്നത്. ഇവരെ സഹായിക്കുവാന്‍ ഫെയ്ത് ബെയ്‌സ്ഡ് സംഘടനകളുടെ പ്രാദേശിക സംഘങ്ങളും ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും നഗരത്തിലെയും കൗണ്ടിയിലെയും നേതാക്കളുമുണ്ട്.
അഭയം തേടി ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ എത്തുന്നതിനാല്‍ അമേരിക്കയുടെ ഭാഗത്തുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ ഷെല്‍ട്ടറുകള്‍ ഞെങ്ങിഞെരുങ്ങിയ അവസ്ഥയിലാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പിടികൂടപ്പെട്ട കുടിയേറ്റക്കാരുടെ എണ്ണം ഒരു ലക്ഷത്തില്‍ അധികമായിരുന്നു.
 
കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും കുടുംബങ്ങളായാണ് എത്തുന്നത്. നോര്‍ത്തേണ്‍ ട്രയാംഗിള്‍ കണ്‍ട്രീസ് എന്നറിയപ്പെടുന്ന അല്‍സാല്‍വഡോര്‍, ഹോണ്ടുറാസ്, ഗ്വോട്ടിമാല എന്നീരാജ്യങ്ങളില്‍ നിന്ന് സംഘം ചേര്‍ന്നുള്ള അക്രമവും പട്ടിണിയും ഭയന്നാണ് പലായനം ചെയ്ത് ഇവരെത്തുന്നത്.
 
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 5% ടാരീഫ് ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇത് ഒഴിവാക്കാന്‍ മെക്‌സിക്കോ കുടിയേറ്റം നിയന്ത്രിക്കണമെന്നാണ് ട്രമ്പ് ആവശ്യപ്പെടുന്നത്. ഈ നീക്കം ഡെമോക്രാറ്റുകള്‍ പൂര്‍ണ്ണമായും റിപ്പബ്ലിക്കനുകള്‍ ചേരിതിരിഞ്ഞും എതിര്‍ക്കുകയാണ്.
 
യു.എസ്. അതിര്‍ത്തിയിലെത്തുമ്പോള്‍ അഭയാര്‍ത്ഥികള്‍ തങ്ങളെ ബോര്‍ഡര്‍ പെട്രോള്‍ അധികാരികളെ ഏല്‍പിച്ച് അഭയം തേടുന്നു. അവരുടെ അപേക്ഷകളുടെ നടപടിക്രമം പൂര്‍ത്തിയാക്കി ബോര്‍ഡര്‍ പെട്രോള്‍ അവരെ ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടറുകളിലേയ്ക്ക് അയയ്ക്കുന്നു.
 
കഴിഞ്ഞ രണ്ട് മാസമായി അനണ്‍സിയേഷന്‍ ഹൗസിനെ പോലുള്ള ഷെല്‍ട്ടറുകള്‍ ഓരോന്നും ദിനംപ്രതി 1000 ല്‍ അധികം കുടിയേറ്റക്കാരെ ഫെഡറല്‍ കസ്റ്റഡിയില്‍ നിന്ന് സ്വീകരിച്ച് അഭയ അപേക്ഷകളിലെ തീരുമാനം പ്രതീക്ഷിച്ച് കഴിയുന്നു.
കഴിഞ്ഞ മാസം അനണ്‍സിയേഷന്‍ ഹൗസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റൂബന്‍ ഗാര്‍സിയ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ് മെന്റ് അധികാരികളോട് കുടിയേറ്റക്കാരെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫെഡറല്‍ നിയമം ഇവരെ എട്ട് മണിക്കൂറിലധികം ബസ് യാത്ര ആവശ്യമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റുന്നത് വിലക്കുന്നു. വിശ്വാസിത്തില്‍ അധിഷ്ഠിതമായ സംഘങ്ങളും ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും നഗര നേതാക്കളും ചേര്‍ന്ന് രൂപീകരിച്ച ഡാലസ് റെസ്‌പോണ്ട്‌സ് എന്ന സംഘടന ആദ്യ കുടിയേറ്റ സംഘത്തെ ഡാലസിലേയ്ക്ക് അയയ്ക്കുവാന്‍ ആവശ്യപ്പെട്ടതായി ഓഗ്ഡന്‍ പറഞ്ഞു. അല്‍പാസോയില്‍ നിന്ന് 55 കുടിയേറ്റക്കാരുടെ ഒരു സംഘം ഡെല്‍വറിലേയ്ക്കും പോയിട്ടുണ്ട്.
 
ഡാലസില്‍ ഓരോ ആഴ്ചയും കുടിയേറ്റക്കാരുടെ രണ്ട് ബസുകള്‍ വീതം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കൗണ്ടി ജഡ്ജ് ക്ലേ ജെന്‍കിന്‍സ് പറഞ്ഞു. അനണ്‍സിയേഷന്‍ ഹൗസാണ് ഒരു ബസില്‍ എത്ര പേരെ അയയ്ക്കണം എന്ന് തീരുമാനിക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് വേണ്ടി രണ്ടാഴ്ചത്തെ ഹോട്ടല്‍ മുറികള്‍ ഒരുക്കുവാന്‍ ഡാലസ് റെസ്‌പോണ്ട്‌സിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ഒരു ടെമ്പററി ഫിക്‌സാണെന്ന് ജെന്‍കിന്‍സ് കൂട്ടിചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.